Monday, October 10, 2016

ഹൈന്ദവാചാര വൈകല്യം -3


എങ്കിൽ എന്താണ് ക്ഷേത്രം? എങ്ങിനെയാണ് ക്ഷേത്രാരാധന? എങ്ങിയാണ് ഗുരൂപദേശത്തിലൂടെ മന്ത്രസാധനനടത്തി ഭോഗമോക്ഷാദികൾ രണ്ടും നേടുന്നത്? ഈ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് നാം കഴിഞ്ഞ ലക്കം പിരിഞ്ഞത്.


ആദ്യം ക്ഷേത്രം എന്താണെന്നു നോക്കാം. “ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ” (ഗീത 13.2) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചില കമ്മ്യൂണിസ്റ്റ് സന്യാസാഭിമാനികൾ ശരീരമാണ് ക്ഷേത്രം അല്ലാതെ പുറത്തുള്ളൊരു ക്ഷേത്രമല്ല എന്ന് പറയുന്നുണ്ട്. എന്നാൽ ഈ ശ്രീകൃഷ്ണവാക്യത്തിന്റെ അർത്ഥം ശരിക്കൊന്നു പരിശോധിക്കാം. “അല്ലയോ കുന്തീപുത്രാ, ഈ ശരീരം ക്ഷേത്രമെന്നറിയപ്പെടുന്നു” എന്നു മാത്രമേ ഇതിനർത്ഥമുള്ളു. എന്നാൽ അതിനെക്കാൾ വലിയൊരു വ്യംഗ്യവും അതിൽ സാക്ഷാൽ കള്ള കൃഷ്ണൻ ഉൾക്കൊള്ളിച്ചു. ക്ഷേത്രം എന്ന വാക്ക് മുൻപേതന്നെ എല്ലാവർക്കും അറിയാം എന്ന വ്യംഗ്യം. മതിൽക്കെട്ട്, ചുറ്റന്പലം, ശ്രീകോവിൽ, ബിംബം, മൂർത്തി എന്നിങ്ങിനെ അകത്തേക്കകത്തേക്ക് പോകുന്ന 5 അവയവങ്ങൾ ചേർന്ന ക്ഷേത്രം പോലെയാണ് അന്നമയ കോശം, പ്രാണമയ കോശം, മനോമയകോശം, വിജ്ഞാനമയ കോശം, ആനന്ദമയകോശം എന്നിങ്ങിനെ അകത്തേക്ക് പോകുന്ന 5 കോശങ്ങൾ അടങ്ങിയ ‘ഈ ശരീരം’. ഇല്ലെങ്കിൽ ഈ ശരീരമാണ് യഥാർത്ഥത്തിൽ ക്ഷേത്രം, മറ്റൊന്നുമല്ല എന്നർത്ഥം വരുന്നവണ്ണം അനുഷ്ടുപ്പിൽ തന്നെ ഭഗവാൻ, “ശരീരമേവ കൗന്തേയ ക്ഷേത്രമിത്യഭിധീയതെ” (ശരീരം മാത്രമാണ് ക്ഷേത്രം എന്നറിയപ്പെടുന്നത്) എന്ന് എന്നെക്കാൾ നന്നായി പറഞ്ഞുവച്ചേനെ.


ക്ഷേത്രാരാധനയുടെ പഴക്കം



ക്ഷേത്രാരാധനാ സന്പ്രദായത്തിന് എത്ര കാലത്തെ പഴക്കമുണ്ടെന്നിന്ന് നമുക്കാർക്കും അറിയില്ല. ചരിത്രഗവേഷകർക്കും അറിയില്ല. എല്ലാം പാശ്ചാത്യരുടെ കാർബൺ ഡേറ്റിംഗ് എന്ന ഒരു മുറിവിദ്യകൊണ്ടും അവർ നമ്മെ പഠിപ്പിച്ച കള്ള ചരിത്രം കൊണ്ടും നമുക്കുണ്ടായിട്ടുള്ള ചില തെറ്റിദ്ധാരണകൾ മാത്രം. അടുത്തകാലത്ത്  “ന്യൂനപക്ഷവികാരം” കൊണ്ട് തകർന്നു വീണ, നമ്മുടെ കണ്മുന്നിലുണ്ടായിരുന്ന ചില പടുകൂറ്റൻ  നാലുകെട്ടുകൾക്ക് അഞ്ഞൂറിൽ പരം വർഷം പഴക്കമുള്ളതായി നമുക്കറിയാം. എന്നിട്ടും, തഞ്ചാവൂരിലെ ശിവക്ഷേത്രമായ ബൃഹദേശ്വരക്ഷേത്രത്തിന് ആയിരം വർഷത്തോളവും, കന്പോഡിയയിലെ അങ്കൊർ വാട് എന്നവിഷ്ണു  ക്ഷേത്രത്തിന് തൊള്ളായിരത്തിൽ താഴെ മാത്രവും വർഷങ്ങളുടേ പഴക്കമേ ഉള്ളു എന്ന് കേട്ട് സാമാന്യ ബുദ്ധി പോലും പണയം വച്ച് നമ്മൾ കേട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ക്ഷേത്രാരാധനക്ക് ഇത്ര വർഷത്തെ പഴക്കമേ ഉള്ളൂ എന്നു പറയുന്നത് അബദ്ധമാവും. നമുക്കറിയില്ല എന്നതാണ് വാസ്തവം.


ഏതായാലും പല ആയിരങ്ങളിലധികം വർഷങ്ങൾക്കു മുൻപുതന്നെ ഇന്നത്തെ രൂപത്തിലല്ലെങ്കിൽ മറ്റു പല രൂപങ്ങളിലും ക്ഷേത്രങ്ങൾ ദൈവാരാധനക്കു വേണ്ടി ഉപയോഗിച്ചിരുന്നു എന്നത് തീർച്ചയാണ്. എന്നു തന്നെയല്ല, അവയുടെ പിന്നിലെ ഇച്ഛാശക്തി വിളിച്ചോതുന്നവയുമാണ് അവയുടെ തലയെടുപ്പ്.



വ്യാകരണ ദൃഷ്ടി



“പുന്നപുംസകയോർവ്വപ്ര: കേദാര: ക്ഷേത്രമസ്യ തു “…(അമരകോശം. ദ്വിതീയകാണ്ഡം. വൈശ്യവർഗ്ഗം. 11).


വപ്ര: എന്നാൽ വിത്തു വിതക്കുന്ന സ്ഥലം എന്നർത്ഥം (‘ഇവിടെ വിത്തു വിതക്കുന്നു’ - പാരമേശ്വരീ വ്യാഖ്യാ). വിത്ത് എന്നാൽ സംസ്കൃതത്തിൽ ബീജം. യാതൊന്നിലാണോ വളരെ വലിയ ജീവ സ്വരൂപങ്ങൾ സങ്കൽപനാതീതമായ വിധത്തിൽ ചെറുതായി സ്ഥിതി ചെയ്യുന്നത് അതാണ് വിത്ത്. ആൽ മരമായാലും വിത്ത് ഒരു വിരലിൽ എടുക്കാവുന്നതാണല്ലോ. ‘വിത്ത് വിതക്കുന്ന സ്ഥലം’ എന്നതിലെ വ്യംഗ്യവും ശ്രദ്ധേയം. വിതച്ചാൽ മുളച്ച് വലുതായി സ്വധർമ്മം നിലനിർത്തി, ഫലങ്ങളും, വീണ്ടും ബീജങ്ങളും സൃഷ്ടിക്കാൻ കഴിവുള്ള സ്ഥലം മാത്രമാണ് ‘വപ്ര:’. അതു തന്നെ ക്ഷേത്രം. മലയാളത്തിൽ അന്പലങ്ങൾ എന്നു പറയപ്പെടുന്ന ഈ ക്ഷേത്രങ്ങളിൽ ഭക്തർ വിതക്കുന്നത്, ‘പ്രാർത്ഥന’ ആകുന്ന വിത്താണ്. അത്, ‘എന്റെ മകളുടെ വിവാഹം നല്ലൊരു വരന്റെ കൂടെ നടക്കണേ’ എന്നാവാം, ‘മുടങ്ങിപ്പോയ എന്റെ വീടു പണി ഒരു വർഷത്തിനുള്ളിൽ തീർത്തു തരണേ എന്നാവാം. എന്തായാലും, പ്രാർത്ഥനയാകുന്ന വിത്ത് വിതച്ചാൽ ഫലസിദ്ധി വരുന്ന സ്ഥലമാണെന്നതിനാലാണ് ക്ഷേത്രം.


“കേദാര: എന്നാൽ വെള്ളം കൊണ്ടു നനക്കപ്പെടുന്നത് എന്നർത്ഥം” (ടി). ക്ഷേത്രങ്ങളിലെ അഭിഷേകങ്ങളും ഈ സങ്കല്പത്തിൽ തന്നെയാണ്.


“ക്ഷേത്രം പത്നീ ശരീരയോ:” (അമരകോശം. തൃതീയകാണ്ഡം. നാനാർത്ഥവർഗ്ഗ:. 180)
ക്ഷേത്രം:  ഇത് പത്നിയുടെയും ശരീരത്തിന്റെയും പേർ. (ടി). ഭൂമിയിൽ വിത്ത് വിതക്കുന്നതുപോലെ തന്നെ പത്നിയിൽ ബീജം നിക്ഷേപിച്ച് പുരുഷൻ പുത്രോല്പാദനം നടത്തുന്നത് ഇവിടെ പ്രസക്തം. ഇത്രയും കൊണ്ടു തന്നെ ക്ഷേത്രസങ്കല്പത്തിന്റെ മാഹാത്മ്യം വ്യക്തം.


“അന്പലം” എന്ന മലയാളം വാക്കാകട്ടെ തമിഴിലെ ‘അൻപ്’ (സ്നേഹം) എന്ന വാക്കും ‘അളം’ (കൂട്ടി സംഭരിക്കപ്പെടുന്ന സ്ഥലം ഉദാ: ഉപ്പളം: ഉപ്പ് സംഭരിക്കപ്പെടുന്ന സ്ഥലം) എന്ന വാക്കും ചേർന്നുണ്ടാകുന്ന “സ്നേഹം സംഭരിച്ചു വക്കുന്ന സ്ഥലം” എന്നതാണ്. അന്പാട്ടി അൻപ് കാട്ടുന്നവനും.


ഇത്രയും പറഞ്ഞതിൽ നിന്ന് വൈയാകരണ ദൃഷ്ടിയിൽ ക്ഷേത്രം നമ്മുടെ ആഗ്രഹങ്ങളുടെ വിത്ത് വിതച്ച് അവയുടെ ഫലസിദ്ധി കൊയ്തെടുക്കാനുള്ള കണ്ടം ആണെന്നു വ്യക്തം.


താന്ത്രിക ദൃഷ്ടി.



താന്ത്രത്തിന് പല അർത്ഥങ്ങളുമുണ്ട്. പ്രധാനം ശാസ്ത്രം എന്നതാണ്. “ത്രന്ത്രം പ്രധാനേ സിദ്ധാന്തേ സൂത്രവായേ പരിച്ഛദേ” (അമരം. 3.185) ‘പ്രധാനത്തെയും സിദ്ധാന്തത്തെയും നെയ്ത്തുകാർ നൂൽ പാകുന്നതിന്റെയും ഉപകരണത്തിന്റെയും പേർ.’ (പാരമേശ്വരീ വ്യാഖ്യാ). ഇതിൽ മിക്ക അർത്ഥങ്ങളും ക്ഷേത്ര ത്രന്ത്രത്തിനു ചേരും. അതൊരു സിദ്ധാന്തമാണ്, നെയ്ത്തുകാർ നൂൽ പാകുന്നതുപോലെ സങ്കീർണ്ണമായ പ്രക്രിയകളടങ്ങിയതാണ്. അതൊരു ഉപകരണമാണ്. ‘തനോതു ബഹവാനിഷ്ടാൻ ത്രായതെ മഹതോ ഭയാത്’ എന്ന അർത്ഥം ഈ ഉപകരണസങ്കല്പത്തിൽ നിന്നും വരുന്നതാവണം.


ഇന്നു നാം കാണുന്ന രീതിയിലുള്ള ക്ഷേത്രങ്ങളെപ്പറ്റി വളരെ വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം യശ:ശ്ശരീരനായ മാധവ്ജി എഴുതിയിട്ടുണ്ട്. അദ്ദേഹം എന്റെ കാരണഗുരുവും കൂടിയാണെന്നതിൽ എനിക്കഭിമാനവുമുണ്ട്. “ക്ഷേത്ര ചൈതന്യ രഹസ്യം” എന്ന ആ ഗ്രന്ഥം ഇന്ന് ഇന്റർനെറ്റിലും ലഭ്യമാണ്. ക്ഷേത്ര നിർമ്മിതിയിലെ സങ്കീർണ്ണമായ ക്ഷേത്രഗണിത സിദ്ധാന്തങ്ങളെയും, അതിനുപയോഗിക്കുന്ന മന്ത്രങ്ങളെയും മറ്റും ഇതിൽ പ്രതിപാദിക്കുന്നതുകൊണ്ട് ഞാൻ അതിവിടെ എടുത്തു വിസ്തരിക്കുന്നില്ല. എങ്കിലും പ്രധാനമായ ഒരുകാര്യം പറയാതെ വയ്യ. ശ്രീകോവിൽനിർമ്മിക്കുന്നതിനു മുൻപ് ഭൂമിക്കടിയിൽ ഷഡാധാര പ്രതിഷ്ഠ എന്നൊരു പ്രക്രിയയുണ്ട്. മൂലാധാരം മുതൽ ആജ്ഞാചക്രം വരെയുള്ള, പൃഥിവ്യാദി പഞ്ചഭൂതങ്ങളെയും മഹത് തത്വത്തെയും അവിടങ്ങളിൽ പ്രതിഷ്ഠിച്ച് അതിനുമുകളിലാണ് ദേവചൈതന്യം പ്രതിഷ്ഠിക്കുന്നത്. ദേവനെ പ്രതിഷ്ഠിക്കുന്ന വിഗ്രഹം കൃത്യമായ ക്ഷേത്രഗണിത മനുസരിച്ചുള്ള ഒരു പ്രതിമയായിരിക്കണം. ശ്രീകോവിലിനും വട്ടശ്രീകോവിൽ, ചതുരശ്രീകോവിൽ എന്നിങ്ങിനെ പ്രമാണങ്ങളുണ്ട്. ശ്രീകോവിലിൽ നിന്ന് എത്ര അകലത്തിലാണ് ചുറ്റന്പലം വേണ്ടത്, അതിനും എത്ര അകലത്തിലാണ് മതിൽക്കെട്ട് വേണ്ടത് എന്നതിനെല്ലാം കൃത്യമായ തച്ചുശാസ്ത്രപ്രമാണങ്ങളുമുണ്ട്. അങ്ങിനെ നിർമ്മിക്കപ്പെടുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ, പ്രസ്തുതദേവചൈതന്യത്തിന്റെ മന്ത്രത്താൽ പൂജിതമായ ജലം പഞ്ചഗവ്യം മുതലായ വസ്തുക്കൾകൊണ്ട് മന്ത്രജപത്തൊടെയാണ് പ്രതിഷ്ഠനടത്തുന്നത്. കാലാകാലങ്ങളിൽ വരാവുന്ന ശക്തിക്ഷയത്തിന് ഉൽസവം നടത്തപ്പെടുന്നു.


ഇങ്ങിനെ നിർമ്മിക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ ചെന്ന് ആരാധന നടത്തുകയാണ്, ഒരു ഗുരുനാഥനിൽ നിന്നും യഥാവിധി മന്ത്രോപദേശം നേടി ഉപാസന ചെയ്യാൻ യോഗമില്ലാത്തവരും, ശക്തിയില്ലാത്തവരും ചെയ്യേണ്ടത്. കലികാലത്ത്, വൈദിക കർമ്മങ്ങളും, വേദാന്തവും നാശോന്മുഖമാകും എന്ന് നിരവധി ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. “കലൗ തന്ത്രോദിതാ മന്ത്രാ: സിദ്ധാസ്തൂർണ്ണഫലപ്രദാ: ശസ്താ: കർമ്മസു സർവേഷുജപയജ്ഞക്രിയാദിഷു” ( മഹാനിർവാണത്രന്ത്രം 2.14). പ്രസിദ്ധനായ സർ. ജോൺ വുഡ്രോഫ് എന്ന പാശ്ചാത്യന്റെ അശ്രാന്ത പരിശ്രമഫലമായാണ്, നഷ്ടപ്രായമായിരുന്ന മേല്പറഞ്ഞ തന്ത്രഗ്രന്ഥം പോലെയുള്ള മിക്കവയും നമിക്കിന്നു ലഭ്യമായിട്ടുള്ളത്. സപരിവാരം പൂജകൾ എന്ന ഗ്രന്ഥത്തിലും ശാരദാതിലകം, തന്ത്രരാജതന്ത്രം മുതലായ ഗ്രന്ഥങ്ങളോടുള്ള കടപ്പാട് വ്യക്തമാക്കിയിട്ടുണ്ട്.


പ്രതിഷ്ഠിക്കപ്പെടുന്നത്



ഇതിനെക്കാളെല്ലാം ഉപരി, ഹിന്ദുമതം മറ്റു അബ്രഹാമിക് റിലിജ്യൺസ് പോലെ സംഘടനാബലമില്ലാത്ത ഒരു വിശ്വാസ സന്പ്രദായമായതുകൊണ്ട്, ക്ഷേത്രങ്ങൾ മാത്രമാണ്, ഇന്ന് ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുന്നത്. അതുകൊണ്ടു തന്നെ, ക്ഷേത്രങ്ങളുടെ സംരക്ഷണവും, അവിടെ നടത്തപ്പെടുന്ന ആരാധനകളും ശക്തമായി സംരകഷിക്കേണ്ടത് അവശ്യം ആവശ്യമായിരിക്കയാണ്. ഹൈന്ദവ വിശ്വാസം പിന്തുടരുന്നവർ എന്നഭിമാനിക്കുന്ന പല പ്രഭാഷകരും ഇന്ന് ക്ഷേത്ര ഭർൽസനത്തിൽ നിരതരാണെന്നത്, കാര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ക്ഷേത്രത്തിന്റെ മാഹാത്മ്യം, ക്ഷേത്രദർശനം നടത്തേണ്ട സമയം, അവിടെ ആചരിക്കേണ്ട ക്രമങ്ങൾ എന്നിങ്ങിനെ മിക്കതിനെയും പറ്റി ഇന്നത്തെ യുവാക്കൾക്ക് വലിയ ധാരണയില്ല. ദേവീ ദേവന്മാരുടെ ചരിതങ്ങൾ വിവരിക്കുന്ന ഭാഗവതം, ദേവീ ഭാഗവതം, മറ്റു പുരാണങ്ങൾ മുതലായ പണ്ടൊക്കെ കുഞ്ഞിലേ തന്നെ അച്ഛനമ്മമാരാണ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നത്. എന്നാൽ ഇന്ന് അതൊക്കെ പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾക്കും, കേട്ടിരിക്കാൻ കുട്ടികൾക്കും സമയമില്ല. ഒരു പ്രധാനകാരണം മൊബൈലും, നിരർത്ഥകവും, നിഷ്പ്രയോജനവുമായ വിദ്യാഭ്യാസത്തിരക്കും തന്നെ. ഭഗത് ഗീത, ബ്രഹ്മസൂത്രം മുതലായ ബ്രഹ്മജ്ഞാനഗ്രന്ഥങ്ങൾ, സോക്രട്ടീസിന്റെയും, പ്ലേറ്റോയുടെയും തത്വചിന്തകളെക്കാൾ ഗഹനങ്ങളാണ്. അത് സാധാരണക്കാർക്കുള്ളതല്ലെന്നും സാധാരണ കുടുംബജീവിതം തുടങ്ങുന്ന ചെറുപ്പക്കാർക്ക് ഉപയോഗപ്രദമല്ലെന്നും ഞാൻ ഈ ലേഖനപരന്പരയുടെ ആദ്യം തന്നെ വിവരിച്ചിരുന്നു. അത്തരം ഗ്രന്ഥങ്ങൾ ജീവിതത്തിന്റെ ഒരു പ്രത്യേക ദശയിൽ, ചിലർക്കു മാത്രം മനസ്സിലാക്കാനും ആചരിക്കാനും കഴിയുന്നതാണ്. അതുകൊണ്ടു തന്നെയാണ് ത്രികാലജ്ഞനായ കൃഷ്ണൻ, യുദ്ധക്കളത്തിലെത്തി അർജ്ജുനൻ ചോദിക്കുന്നതുവരെ അത് പറഞ്ഞുകൊടുക്കാഞ്ഞത്. അതുകൊണ്ടു തന്നെയാണ് “ഏതായാലും ഇവൻ ചോദിച്ചു, എങ്കിൽ പിന്നെ ആ ഭീഷ്മരെയും, ദ്രോണരെയും, യുധിഷ്ഠിര പ്രഭൃതികളെയും കൂടി വിളിച്ച് ഒന്നി ച്ചു പറഞ്ഞുകൊടുക്കാം” എന്നും വിചാരിക്കാഞ്ഞത്.


അതുകൊണ്ട്, എല്ലാ ഹിന്ദുക്കളുടെയും ഇന്നത്തെ ദൗത്യം, ക്ഷേത്രാചാര സംരക്ഷണവും, ക്ഷേത്രങ്ങളിൽ പോയുള്ള പ്രാർത്ഥനയുമാണ്. അതാണ് ഗൃഹസ്ഥന് ശ്രേയസ്കരവും, ഭഗവത് ഗീതയല്ല. അതു ചെയ്യാത്തതാണിന്നത്തെ ഹൈന്ദവാചാര വൈകല്യം

No comments:

Post a Comment