Thursday, March 28, 2013

വ്യാസൻ പറഞ്ഞതും എല്ലാവരും മറന്നതുമായ കഥ


ഇത്രയധികം ഗീതാജ്ഞാനയജ്ഞങ്ങൾ ഇങ്ങിനെ വിവിധ രാജ്യങ്ങളിൽ ദിവസങ്ങളോളം, വീട്ടമ്മമാരെയും, ജോലിവിരമിച്ചവരേയും, കുട്ടികളേയും, വിവിധ ഹാളുകളിൽ, ഒന്നിച്ചിരുത്തി, കാവിക്കാരും, അല്ലാത്ത പണ്ഡിതാഭിമാനികളും പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ, എനിക്കൊരു സംശയം തോന്നി. കലികാലത്ത്  ഈ അവതാരങ്ങളല്ലാത്ത പ്രഭാഷണക്കാർക്ക് പോലും നൂറും ഇരുനൂറും പാമരന്മാരായ കേഴ് വിക്കാരോട് ഒറ്റയിരുപ്പിൽ ഇത്ര ഗഹനമായ തത്വ ചിന്ത പറഞ്ഞുകൊടുക്കാൻ കഴിയും എന്ന് ത്രികാലജ്ഞനായ ശ്രീകൃഷ്ണൻ എന്തായാലും അറിഞ്ഞിരിക്കും. എന്നിട്ടും അവതാരമായ സാക്ഷാൽ ശ്രീ കൃഷ്ണൻ യുദ്ധക്കളത്തിന് നടുക്കു വച്ച്  അർജ്ജുനന്റെ മോഹാലസ്യം കണ്ടപ്പോൾ "ഇവന് പറഞ്ഞു കൊടുക്കാൻ സമയമായി, ഇനി പറഞ്ഞുകൊടുക്കാം. ഏതായാലും പറയണം, എന്നാൽ പിന്നെ എല്ലാ പാണ്ഡവരെയും കൗരവരെയും കൂടി വിളിച്ച് ഒന്നിച്ചങ്ങു പറഞ്ഞു കൊടുക്കാം" എന്നു നിരീച്ചില്ല? യുദ്ധം നടക്കുമെന്നും യുദ്ധക്കളത്തിന്റെ നടുക്ക് നിന്ന് അർജ്ജുനൻ ഈ ചോദ്യങ്ങളെല്ലാം ചോദിക്കുമെന്നും അപ്പോൾ താനിതൊക്കെ പറഞ്ഞ് കൊടുക്കേണ്ടി വരുമെന്നും അറിയാമായിരുന്നിട്ടും, എന്തുകൊണ്ട് തന്റെ ഉറ്റ തോഴനായ അർജ്ജുനനോട് കുറച്ചു നേരത്തേ തന്നെ അതിന്റെ പകുതിയെങ്കിലും പറഞ്ഞില്ലാ?

അങ്ങിനെ ചിന്തിച്ചപ്പോഴാണ് എന്നെ ഒരു ഗവേഷണ ബുദ്ധി ബാധിച്ചത്. വ്യാസൻ പറയാൻ മറന്നതായിരിക്കുമോ? പറഞ്ഞത് ഗണപതി എഴുതിയെടുത്തപ്പോൾ വിട്ടു പോയതായിരിക്കുമോ? കോപ്പികളുടെ പകർത്തെഴുത്തിൽ വിട്ടു പോയതായിരിക്കുമോ? ഏതായാലും ഞാൻ അന്വേഷണം തുടങ്ങി. ആ അന്വേഷണത്തിനൊടുവിലാണ് എന്റെ മുതുമുത്തച്ച്ഛന്റെ തറവാട്ടിന്റെ തട്ടുമ്പുറത്തു നിന്ന് പഴയൊരു കോപി കിട്ടിയത്. അത് വിശദമായി പരിശോധിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്. ഇന്ന് അച്ചടിയിലുള്ള ഒരു കോപിയിലും ഇല്ലാത്ത ചില ചെറിയ കഥകൾ ആ കോപിയിലുണ്ട്!. ഞാനതാർക്കും തരില്ല. പക്ഷേ ആ കഥകളിൽ ചിലത് ഇവിടെ ഞാൻ വിവരിക്കാം. 

അർജ്ജുനൻ സുഭദ്രയെ വിവാഹം കഴിച്ച്, അഭിമന്യു ജനിച്ച് ഒരു പത്ത് പന്ത്രണ്ട് വയസ്സുള്ള യുവാവായതിനു ശേഷം നടന്ന കഥയാണിത്.  വനവാസ കാലം. ഒരു ദിവസം സുഭദ്രയേയും കൂട്ടി കൃഷ്ണൻ പാണ്ഡവരെ കാണാൻ വന്നു. വൈകുന്നേരമാണ് എത്തിയത്.

രംഗം - ഒന്ന്
(ചായ കാപ്യാദികൾ കഴിഞ്ഞ്, അളിയന്മാർ പതുക്കെ ഒന്നു നടക്കാനിറങ്ങി. ആശ്രമത്തിന്റെ പരിസരത്ത് അവർ നട്ടു വളർത്തിയ പച്ചക്കറി തോട്ടത്തിലൂടെ നടക്കുന്നു.)

അർജ്ജുനൻ: "കൃഷ്ണാ, എങ്ങിനെയുണ്ട് ഈ തോട്ടം? നല്ല വെണ്ടക്കയും വഴുതിനങ്ങയുമൊക്കെ വിളഞ്ഞു നിൽക്കുന്നതു കണ്ടോ? ഇവിടെയൊക്കെ നല്ല വളക്കൂറുള്ള മണ്ണാ. രാത്രി വെണ്ടക്ക സാമ്പാറായാലെന്താ?”
കൃഷ്ണൻ: "എനിക്കെന്തായാലും വിരോധമില്ല. നിനക്കെന്താ വെണ്ടക്ക സാമ്പാറിനോടിത്ര കമ്പം?”
അർജ്ജുനൻ: ", ഇതേപ്പ നന്നായേ. സാമ്പാറിൽ ഒറ്റ ജാതി കഷ്ണം മാത്രമിട്ട് ഉണ്ടാക്കിയാലുള്ള സ്വാദ് കൃഷ്ണനറിയില്ലേ? മുരിങ്ങാക്കായ മാത്രം, വെണ്ടക്ക മാത്രം അങ്ങിനെ പലതും കൂട്ടാതെ, ഒറ്റ പച്ചക്കറി മാത്രം ഇട്ടാൽ ഒരു പ്രത്യേക സ്വാദാ. അതിൽ എനിക്ക് വെണ്ടക്ക സാമ്പാറ് ഭയങ്കര കമ്പാ. ഇന്നേതായാലും അതു തന്നെയാവാം.”
(നല്ല പിഞ്ച് നോക്കി കുറെ വെണ്ടക്ക പറിച്ച് തന്റെ ഉത്തരീയത്തിൽ ഒതുക്കി അവർ നടത്തം തുടർന്നു. ഒരു ഏഴ് മണിയാവാറായപ്പോൾ രണ്ടാളും ആശ്രമത്തിൽ എത്തി. സുഭദ്രയും ദ്രൗപദിയും കൂടി അടുക്കളയിൽ പാചകത്തിരക്കിലാണ്)
അർജ്ജുനൻ: "പാഞ്ചാലീ, ഇന്നു നമുക്ക് അത്താഴത്തിന് ഒരു വെണ്ടക്കാ സാമ്പാറും ചോറുമാവാം. ഇതാ നല്ല പിഞ്ചു വെണ്ടക്ക പറിച്ചതുണ്ട്. കൃഷ്ണൻ ഇതുവരെ ഇത് കഴിച്ചിട്ടില്ലത്രേ"
പാഞ്ചാലി: "അയ്യോ, ഇന്ന് സുഭദ്രക്ക് ചപ്പാത്തിയും കുറുമയും വല്യ ഇഷ്ടാന്ന് പറഞ്ഞ കാരണം അതുണ്ടാക്കിയല്ലോ"
അർജ്ജുനൻ: "അതു പറ്റില്ല. നല്ല വെണ്ടക്ക സാമ്പാറ് കൂട്ടിയ കാലം മറന്നു. ഇതും കൂടിയുണ്ടാക്കൂ.”
പാഞ്ചാലി: "പിന്നേ, ഒരോരുത്തർക്കും പ്രത്യേകം പ്രത്യേകം വെക്കാനൊന്നും എനിക്കു പറ്റില്ല.”
അർജ്ജുനൻ: "നീയെപ്പോഴും അങ്ങിനെയാണല്ലോ. ഞാൻ പറഞ്ഞാലൊന്നും പറ്റില്ല. ഇന്നാളൊരു ദിവസം ഭീമൻ പറഞ്ഞപ്പോഴെക്കും നീ ആട്ടിറച്ചി വച്ചുണ്ടാക്കിയല്ലോ. അല്ലെങ്കിലും നിനക്ക് ഞാൻ പറഞ്ഞതൊരു കാര്യവുമല്ല.”
പാഞ്ചാലി: "ദേ വെറുതേ വൃത്തികേട് പറയരുത്.”
അർജ്ജുനൻ: "എന്താ പറഞ്ഞാല്? നീ ചെയ്തിട്ടല്ലേ. എല്ലാത്തിനും നിന്റച്ഛൻ പാഞ്ചാലനെ പറഞ്ഞാൽ മതിയല്ലോ.”
പാഞ്ചാലി: "ദേ, അച്ഛനെ പറയരുത്.”
കൃഷ്ണൻ: "അർജ്ജുനാ, വിട്ടു കളയൂ. ഇത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല ഈ സമ്പാറ്. പോട്ടെ നമുക്ക് ഇനിയൊരിക്കലാവാം.”
അർജ്ജുനൻ: (കോപം കൊണ്ട് ചുവന്ന് തുടുത്ത കണ്ണുകളോടെ) "പറ്റില്ല കൃഷ്ണാ. ഇതിന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. ഞാനല്ലേ, മീനിന്റെ നിഴലിൽ അമ്പെയ്തിവളെ സ്വന്തമാക്കിയത്. എന്നിട്ടിപ്പ ഇവൾക്ക് ഞാൻ പറയുന്നതൊന്നും കാര്യമല്ല. “
പാഞ്ചാലി: "എന്തു കാര്യം പറഞ്ഞു? നിങ്ങൾക്കെന്താ കാര്യം പറഞ്ഞാ മനസ്സിലാവാത്തത്? തലക്കു സുഖമില്ലേ. ഞാൻ പറഞ്ഞില്ലേ, ചപ്പാത്തീം, കുറുമേം ണ്ടാക്കി വച്ച് കഴിഞ്ഞൂന്ന്.”
അർജ്ജുനൻ: "പ്രാന്ത് നിനക്കാ. നീയാരാ എനിക്ക് കാര്യം പറഞ്ഞ് മനസ്സിലാക്കിത്തരാൻ? ന്നാ പറഞ്ഞ് താ, ഈ പ്രപഞ്ചത്തിനെന്താ അർത്ഥം? അസ്ഥിരമായ ഈ പ്രപഞ്ചത്തിൽ സ്ഥിരമായതെന്താ? പറഞ്ഞു താ. എന്താ അറിയില്ലേ. നാവെറങ്ങിപ്പോയോ. മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ, നിന്റെ നാവ് ഞാൻ പിഴുതെടുക്കും.”
(അർജ്ജുനൻ കോപത്തോടെ കയ്യിലുള്ള ഉത്തരീയത്തിലെ വെണ്ടക്കയെല്ലാം ദ്രൗപദിയുടെ മുഖത്തേക്ക് വലിച്ചെറിയുന്നു. )
പാഞ്ചാലി: "നിങ്ങക്ക് മുഴുഭ്രാന്താ. വല്ല വൈദ്യരേം കാണിക്കൂ.”
അർജ്ജുനൻ: "അതേടീ, എനിക്ക് ഭ്രാന്താ. അതേ. ഭ്രന്തന്മാർ, പിച്ചും കടിക്കും, മാന്തും ചിലപ്പോൾ കൊല്ലും.”

(ഭ്രാന്തമായ കോപത്തോടെ ദ്രൗപദിയുടെ നേരെ പാഞ്ഞ പാർത്ഥനെ ഭീമനും കൃഷ്ണനും ചേർന്ന് പിടിച്ച് വലിച്ചുകൊണ്ട്, പുറത്തു പോകുന്നു. )

രംഗം - രണ്ട്.

(കൃഷ്ണന്റെ സാന്ത്വനത്തിനു ശേഷം ഭക്ഷണം കഴിഞ്ഞ്, കൃഷ്ണനും, അർജ്ജുനനും മുറ്റത്ത് വിശ്രമിക്കുന്നു. ത്രികാലജ്ഞനായ കൃഷ്ണൻ വരാൻ പോകുന്ന മഹായുദ്ധത്തിനേയും, അതിൽ അർജ്ജുനൻ കുരുക്ഷേത്രത്തിനു നടുവിൽ തേർ നിർത്തി തന്നോട് കരഞ്ഞു കൊണ്ട് പറയുന്നതും, അപ്പോൾ താൻ ഉപദേശിക്കേണ്ടുന്ന കാര്യങ്ങളും മറ്റും ചിന്തിച്ചുകൊണ്ട് കിടക്കുന്നു. അർജ്ജുനൻ പകുതി മയങ്ങിയ മട്ടിലും.)

കൃഷ്ണൻ: (പെട്ടെന്നെഴുന്നേറ്റ്, ഭാവിയിൽ പറയേണ്ടുന്ന ഗീതോപദേശത്തിൽ കുറച്ചെങ്കിലും ഇപ്പോൾ തന്നെ പറയാം, അതിനൊരു നിമിത്തവും ഇന്നു വന്നല്ലോ. എന്നു വിചാരിച്ചു കൊണ്ട്) "ധനഞ്ജയാ, നിന്നോട് ഞാൻ ഒരു പ്രധാന കാര്യം പറയാൻ വിചാരിക്കുകയാണ്. ശ്രദ്ധിച്ച് കേൾക്കണം."
അർജ്ജുനൻ: "ഉം.”
കൃഷ്ണൻ: "നമ്മളൊക്കെ ഒരുകാര്യം തന്നെ ചിന്തിച്ച് കൊണ്ടിരുന്നാൽ, നമുക്കാകാര്യത്തിനോട് വിട്ടുമാറാനാവാത്ത ഒരു സംഗം വരും ध्यायतो विषयान् पुंसः संगस्तेषूपजायते. നിനക്കിപ്പ ഈ വെണ്ടക്ക സാമ്പാറിനോട് വന്ന പോലെ. അങ്ങിനെ സംഗം വന്നാൽ അത് കിട്ടാൻ എപ്പോഴും അതിയായൊരു ആഗ്രഹം വരും संगात् सञ्जायते कामः. നീ കേൾക്കുന്നുണ്ടോ?”
അർജ്ജുനൻ: "ഞാൻ വെണ്ടക്ക സാമ്പാറിന് നിർബ്ബന്ധം പിടിച്ചതിനെ പറ്റിയാണോ? ഉം പറയൂ.”
കൃഷ്ണൻ: "അങ്ങനെ, ഇന്ന് പറ്റിയതു പോലെ, അത് കിട്ടിയില്ലെങ്കിലോ,”
അർജ്ജുനൻ: "എന്ത്, വെണ്ടക്ക സാമ്പാറോ?”
കൃഷ്ണൻ: "ങാ, അപ്പോ, കഠിനമായ കോപം വരും कामात् क््रोधोिभजायते. ആ കോപം വർദ്ധിച്ച് വർദ്ധിച്ച് വിവേകബുദ്ധിയും തിരിച്ചറിവും നശിക്കും क्रोधात् भवित संमोहः. തുടർന്ന് ഓർമ്മ പോലും നശിക്കും. संमोहात् स्मृितवभ्रमः. പിന്നെ ഒരു ഭ്രാന്തനായി മാറി स्मृितभ्रंशात् बुद्िघनाशो നീ നശിച്ചു പോവും बुद्िघनाशात्प्रणश्य ित.”
അർജ്ജുനൻ: (പെട്ടെന്നെഴുന്നേറ്റിരുന്ന്) "എന്ത്? വെണ്ടക്ക സാമ്പാറ് കൂട്ടാനാഗ്രഹിച്ചാൽ, നശിച്ചു പോവുമെന്നോ? വെറുതേ വല്ല പ്രാന്തും പറയാതിരിക്കൂ.”

(കൃഷ്ണൻ ഒരു ദീർഘനിശ്വാസത്തോടു കൂടി എഴുന്നേറ്റ്, ഇങ്ങിനെ വിചാരിക്കുന്നു. "കഷ്ടം, ഇപ്പ പറഞ്ഞിട്ടൊരു കാര്യോല്യ. യുദ്ധം പ്രഖ്യാപിച്ച്, കളത്തിന്റെ നടുക്ക് വന്നു നിന്ന് മോഹാലസ്യം വന്ന് പറഞ്ഞാലേ ഇവനു മനസ്സിലാവൂ. ദേവീ, അങ്ങിനെ, ഞാൻ കുരുക്ഷേത്രത്തിൽ നിൽക്കുമ്പോൾ അർജ്ജുനനു മാത്രം ഉപദേശിക്കുന്ന ഗീത, കലികാലത്തിൽ, കുറേ കാവിക്കാരും, പാണ്ഡിത്യ നാട്യക്കാരും, ഇതുപോലെ അസമയത്ത് പാകം വരാത്ത, ചോദ്യം ചോദിക്കാത്തവരെ വിളിച്ചിരുത്തി, ജ്ഞാനയജ്ഞം എന്നും പറഞ്ഞ്, അബദ്ധമാക്കുമല്ലോ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും അളിയനുമായ ഈ ഒരാളോടുപദേശിക്കാൻ ഞാൻ ശ്രമിച്ചിട്ട് പറ്റാത്ത ഈ കാര്യം, നൂറു കണക്കിന് കേൾവിക്കാരെ ഒരു പന്തലിൽ വിളിച്ചിരുത്തി 'നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ' എന്നൊക്കെ ചോദിച്ച്, അധികപ്രസംഗം നടത്തുമല്ലോ. കഷ്ടം!, ഈ ഞാൻ പോലും കുരുക്ഷേത്രത്തിൽ, ഏതായലും അർജ്ജുനൻ ചോദിച്ചതല്ലേ, എന്നാൽ എല്ലാ പാണ്ഡവരെയും കൗരവരെയും വിളിച്ച് ഒന്നിച്ചൊരു ഗിരിപ്രസംഗം നടത്തിക്കളയാം എന്നു വിചാരിച്ചില്ലല്ലോ, അതിന് തക്കതായ കാരണവും ഉണ്ടാവുമല്ലോ, എന്നെങ്കിലും അവർ ആലോചിച്ചാൽ മതിയായിരുന്നു. ഹും, വരും പോലെ വരട്ടെ”)
കൃഷ്ണൻ: "വിജയ, നമുക്കുറങ്ങാം. ശുഭരാത്രി. (ഉറക്കറയിലേക്ക് പോകുന്നു.)”
അർജ്ജുനൻ: "ശുഭരാത്രി.”

1 comment:

  1. ഹഹഹഹ് ഇത് ശരിക്കും വ്യാസൻ പറഞ്ഞതാ?? എന്തായാലും ഞാനുമൊരു വെണ്ട സാമ്പാർ വെക്കുന്നുണ്ട്.. പിന്നെ ഒരു കാര്യത്തിനോട് യോജിപ്പും .. “നമ്മളൊക്കെ ഒരുകാര്യം തന്നെ ചിന്തിച്ച് കൊണ്ടിരുന്നാൽ, നമുക്കാകാര്യത്തിനോട് വിട്ടുമാറാനാവാത്ത ഒരു സംഗം വരും “..

    ReplyDelete