Saturday, July 30, 2016

ഹൈന്ദവാചാരവൈകല്യം-1

ഒരനുഭവം

ആട്ടപ്പാടിയിൽ രണ്ടുകൊല്ലം മുൻപുവരെ എനിക്കൊരു തോട്ടമുണ്ടായിരുന്നു. എട്ടേക്കറുള്ള ആ തോട്ടത്തിൽ പ്രധാനമായും തെങ്ങ്, കവുങ്ങ്, കുരുമുളക് ഇവയായിരുന്നു കൃഷി. കയറ്റിറക്കമായി പരന്നു കിടന്നിരുന്ന ആ പറന്പിൽ ഒരു ഭാഗത്ത് മല കുറച്ച് നിരത്തി, മൂന്ന് മുളങ്കുടിലുകളും ഒരു കുളവും മറ്റും വിനോദയാത്രക്കാരെ സൽക്കരിക്കാൻ ഒരുക്കിയിരുന്നു. ആ പറന്പിൽ ആകെ ആറ് ഓറഞ്ച് മരങ്ങളുണ്ടായിരുന്നു. അതിൽ രണ്ടെണ്ണം ഇണകളെപ്പോലെ  ഈ കുളത്തിനടുത്തായിരുന്നു.

മാസത്തിൽ ഒരിക്കൽ ഒരാഴ്ചയാണ്, ക്രിസ്ത്യാനിയായ, മാരണട്ടി ചിറ്റൂർ പള്ളിയിൽ കുർബാനയുള്ള എന്റെ കെസ്സിജൻ എന്നു പേരുള്ള തോട്ടം മേൽനോട്ടക്കാരൻ (എസ്റ്റേറ്റ് മാനേജർ) നോക്കി നടത്തിയിരുന്ന ആ തോട്ടത്തിൽ ഞാൻ പോയി താമസിക്കാറ്. അടുത്ത് ജനവാസം വളരെ കുറവായിരുന്ന ആ പറന്പിനോട് ചേർന്ന് സർക്കാർ വനങ്ങളായിരുന്നു. ക്രൂരമൃഗങ്ങളൊന്നുമില്ലെങ്കിലും, കാട്ടു പന്നി, കാട്ടാന, മുള്ളൻപന്നി മുതലായവ ഏതു സമയവും പറന്പിൽ കയറിവരാം.

പറന്പിലെ ഈ ആറ് ഓറഞ്ച് ചെടികളിൽ ഒന്നു പോലും അവയെല്ലാം ജീവിച്ച 14 കൊല്ലത്തിനുള്ളിൽ പൂത്ത് കാച്ചിട്ടില്ല. ഞാൻ വാങ്ങുന്നതിനും വളരെ പണ്ട് മുതൽ ഈ തോട്ടം നോക്കി നടത്തിയിരുന്ന കെസ്സിജനോട് ഞാൻ ഇതിന്റെ കാരണം ചോദിച്ചു. ഇവിടെ മാത്രമല്ല ഈ ആട്ടപ്പാടിയിൽ ഓറഞ്ച് നട്ട് വളർത്തിയ ആരുടെയും കായ്ച്ചിട്ടില്ല എന്നായിരുന്നു ഉത്തരം. എന്നു തന്നെയല്ല തോട്ടം കൃഷി വകുപ്പിന്റെ ഉപദേശങ്ങൾക്കനുസരിച്ച് പലതും എല്ലാവരും ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. വേണ്ടും വണ്ണം വെള്ളവും വളവുമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് എന്നോടയാൾ പറഞ്ഞത്.

ഏതായാലും ഈ സംഭാഷണം നടന്ന രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. വൈകിട്ട് ആറുമണിയോടെ പണിക്കാരും കെസ്സിയും തിരിച്ച് വീട്ടിൽ പോകുന്നതുകൊണ്ട്, ആ തോട്ടത്തിലും, ചുറ്റുപാടുമുള്ള 300 ഓളം ഏക്കർ കാടുകളിലും ആയി ഒന്നോ രണ്ടോ മനുഷ്യ ജീവികളുള്ളതിൽ ഒരാൾ മാത്രമായിരുന്നു ഞാനും. കുട്ടിക്കാലത്ത്, ഹിന്ദി പാഠങ്ങളിൽ (അതാണതിശയം, ശാസ്ത്രപാഠങ്ങളിലല്ല) ജഗദീശ് ചന്ദ്രബോസ് എന്നൊരു ശാസ്ത്രജ്ഞനെപ്പറ്റി പഠിച്ചിരുന്നു. വൃക്ഷങ്ങൾക്കും വികാരമുണ്ടെന്നും വെള്ളവും മഴുവും കൊണ്ട് ചെല്ലുന്നവരെ അതിനു തിരിച്ചറിയാമെന്നും അദ്ദേഹം സ്വന്തമായി നിർമ്മിച്ച ചില ഉപകരണങ്ങൾ കൊണ്ട് തെളിയിച്ചിരുന്നു എന്നും പഠിച്ചിരുന്നു.

അന്നു രാത്രി ആ കിടപ്പിൽ ഞാൻ ആലോചിച്ചു. അങ്ങിനെയെങ്കിൽ എന്തുകൊണ്ടീ ഓറഞ്ച് ചെടികളോട് സംസാരിച്ചുകൂടാ. രാവിലെ ഉണർന്ന് ശ്രീചക്ര പൂജയും കഴിഞ്ഞ് ഒരു ആറരമണിക്ക്, ഉടുത്ത പട്ടോടു കൂടി കമണ്ഡലുവിലെ വെള്ളവും കൊണ്ട് ഞാൻ ഈ രണ്ട് ഓറഞ്ച് ചെടികളുടെ അടുത്തുപോയി. പണിക്കാരും മാനേജരും വരാൻ 8 മണിയാകും എന്നതുകൊണ്ട് ആരും എന്നെ കാണില്ല എന്ന ധൈര്യത്തോടെ ഈ ചെടികളുടെ മുൻപിൽ പോയി ഞാൻ അഭിമുഖമായി നിന്നു.
എന്നിട്ട് അടുത്തടുനിൽക്കുന്ന രണ്ട് മനുഷ്യരോട് പറയുന്നതുപോലെ ഈ രണ്ടോറഞ്ച് ചെടികളെ നോക്കി മലയാളത്തിൽ പുറത്തു കേൾക്കാവുന്ന ശബ്ദത്തിൽ ഇങ്ങിനെ പറഞ്ഞു.

“ഓറഞ്ച് ചെടികളേ, നിങ്ങൾ എന്തിനാണീഭൂമിയിൽ ജനിച്ചത്? നിങ്ങളുടെ വംശം നിലനിർത്താനും, നിങ്ങൾക്ക് വെള്ളവും വളവും തരുന്ന ഞങ്ങൾക്ക് മധുരഫലങ്ങൾ തരുന്നതിനുമല്ലേ? അല്ലെങ്കിൽ നിങ്ങളുടെ ജന്മം വ്യർത്ഥമല്ലേ? എന്തിനാ നിങ്ങൾക്കിങ്ങിനെയൊരു ജീവിതം? ഇതിനു മുൻപത്തെ യജമാനന്മാരും തോട്ടക്കാരും നിങ്ങൾക്ക് വേണ്ടുന്ന വെള്ളവും വളവും തന്നിട്ടില്ലെങ്കിൽ അതിന് ഞാൻ മാപ്പു ചോദിക്കുന്നു. ഇന്നിതാ ഞാൻ ഈ വെള്ളം തരുന്നു. (കമണ്ഡലുവിലെ വെള്ളം കുറേശ്ശെ രണ്ടുപേരുടെയും കടക്കൽ കുറേശ്ശെ ഒഴിച്ചു.) ഇനി മുതൽ നിങ്ങൾക്കുള്ള വെള്ളവും വളവും കൃത്യമായി തരാൻ ഞാൻ എന്റെ തോട്ടക്കാരനോട് നിഷ്കർഷിക്കുന്നുണ്ട്. അതുകൊണ്ട് വൈകാതെ നിങ്ങൾ പൂത്തു കാച്ച് ഫലങ്ങൾ ഞങ്ങൾക്ക് തരണം. ഇനിയും നിങ്ങൾ നിങ്ങളുടെ ധർമ്മം നിർവഹിക്കാൻ തയാറല്ലെങ്കിൽ നിങ്ങളെ രണ്ടുപേരെയും ഞാൻ വെട്ടിക്കൂട്ടി കത്തിച്ച് കുഴിച്ചുമൂടും. (സാധാരണ പോലെ അല്പം കോപത്തോടെയാണിതു പറഞ്ഞത്. വീണ്ടും ചിരിച്ചുകൊണ്ട്) അങ്ങിനെയൊന്നും വേണ്ടി വരില്ലെന്നെനിക്കറിയാം. നിങ്ങൾ എന്റ് പുന്നാരകളല്ലേ.”
ഇത്രയും പറഞ്ഞ് രണ്ട് ചെടികളെയും മനുഷ്യരെ കെട്ടിപ്പിടിക്കുന്നതു പോലെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. കമണ്ഡലുവിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും അവർക്കു കൊടുത്തു. തിരിച്ച് പുരയിലെത്തി ഒരു മണിക്കൂറും കൂടികഴിഞ്ഞേ പണിക്കാരും മറ്റും എത്തിയുള്ളു. അതുകൊണ്ട് അവർ എന്നെ ഭ്രാന്താശുപത്രിയിൽ എത്തിക്കുന്നതിൽ നിന്നും ഞാൻ രക്ഷപെട്ടു! ഈ സംഭവങ്ങളൊന്നും ഞാൻ മാനേജർ കെസ്സിയോടു പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ എറണാകുളത്തേക്ക് തിരിച്ച് പോരുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ കെസ്സി എന്നെ മൊബൈലിൽ വിളിച്ച് ആ രണ്ട് ഓറഞ്ച് ചെടികളും നിറയെ കാവടി പോലെ പൂത്തിരിക്കയാണെന്ന് പറഞ്ഞു. എന്നാൽ മറ്റ് നാല് ഓറഞ്ച് ചെടികളും പൂത്തിട്ടില്ല. അതുകൊണ്ട് ഇത് ഋതുക്കളുമായി ബന്ധപ്പെട്ട ഒന്നുമല്ല.

കാലക്രമത്തിൽ അവ കായ്ച്ചു. ഒരു 100 കിലോ ഓറഞ്ചെങ്കിലും അവയിലുണ്ടായി. സാധാരണ കടകളിൽ കിട്ടുന്ന, തൊലിക്കും അല്ലികൾക്കും ഇടയിൽ ധാരാളം വായുവുള്ള തരം ഫലങ്ങളായിരുന്നില്ല അവ. ഒട്ടി നിൽക്കുന്ന തൊലി പൊളിച്ചാൽ കിട്ടുന്ന അല്ലികൾ പുളിയും മധുരവും ഒരുപോലെ ചേർന്ന് അത്യാസ്വാദ്യകരമായിരുന്നു.

എന്റെ ചോദ്യങ്ങൾ
ഈ അനുഭവം എന്നിലുണ്ടാക്കിയ വികാര വിജ്ഞാനത്തള്ളിച്ച വിവരിക്കാവതല്ല. എന്നിൽ പൊന്തിവന്ന ചോദ്യങ്ങളും, അറിവുകളും ഇവയാണ്.

മലയാളത്തിനു പകരം ആംഗലത്തിലോ ഹിന്ദിയിലോ പറഞ്ഞാൽ അവർക്കു മനസ്സിലാവുമായിരുന്നോ.
കേൾക്കാൻ നമ്മുടെ പോലെ ചെവികളില്ലാത്ത ഇവർ എങ്ങിനെ ഞാൻ പറഞ്ഞത് കേട്ടു
കേട്ട കാര്യങ്ങൾ അവരെങ്ങിനെ കൃത്യമായി അർത്ഥം മനസ്സിലാക്കി. കുറച്ചുകൂടി തടിയോ പൊക്കമോ വക്കണമെന്നല്ല പൂത്തു കായ്ക്കണം എന്നാണ് ഞാൻ പറഞ്ഞതെന്നവർ മനസ്സിലാക്കി
അങ്ങിയെങ്കിൽ, ശബ്ദത്തിൽ പറയുന്നതിനു പകരം, മനസ്സിൽ വിചാരിച്ചാലും അവർക്ക് മനസ്സിലാവുമായിരുന്നില്ലേ.
ഈ പ്രായത്തിൽ ഇവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാവുമെങ്കിൽ, കുരുവിൽ നിന്ന് മുള പുറത്തുവന്ന ഉടനെ പറഞ്ഞിരുന്നെങ്കിലും അവർക്ക് മനസ്സിലാവുമായിരുന്നില്ലേ. ജീവനുള്ളതുകൊണ്ടാണല്ലോ അവർക്ക് മനസ്സിലായത്!
അടുക്കളയിൽ പാത്രങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന കടലയോ പയറോ കുറച്ചെടുത്ത് വെള്ളം തളിച്ച് (വെള്ളം മാത്രം!) വച്ചാൽ രണ്ടു ദിവസത്തിനകം അവയിൽ നിന്ന്, സംസാരിച്ചാൽ മനസ്സിലാവുന്നമുളകൾ പുറത്തുവരുമെങ്കിൽ, വിത്തിനകത്തിരുന്നും അവർക്ക് മനസ്സിലാവില്ലേ
മനസ്സിൽ വിചാരിച്ചാൽ മാത്രം മനസ്സിലാവുമെങ്കിൽ, ആ പാത്രത്തിനകത്തിരിക്കുന്ന കടലകൾക്കും പയറുകൾക്കും എന്റെ വിചാര വികാരങ്ങൾ മനസ്സിലാകുന്നില്ലേ!!

ഇവയായിരുന്നു എന്റെ ചോദ്യങ്ങൾ. ഇത് എന്നിൽ ചെറിയൊരു ഭയം തന്നെ ജനിപ്പിച്ചു. എന്റെ ചുറ്റും പാത്രങ്ങളിൽ, ഞാൻ വിചാരിക്കുന്നത് മനസ്സിലാവുന്ന ജീവികൾ.

ഇതെന്തു സയൻസ്

ഇതിലെ സയൻസെന്താണ്? ഇതിനെ എങ്ങിനെ സയന്റിഫിക് ആയി എക്സ്പ്ലെയിൻ ചെയ്യാം? കാരണം ഇന്ന് ഭാരതീയ ജ്ഞാനങ്ങളെല്ലാം പാശ്ചാത്യ ശാസ്ത്രത്തിന്റെ ടെസ്റ്റ് വിജയിച്ചു കടന്നാലല്ലേ വിശ്വസിക്കാവൂ! ഈ അനുഭവം ആവർത്തിക്കാവുന്നതല്ല. ലോകത്തിൽ ഏതൊരു പൂക്കാത്ത ഓറഞ്ചിന്റെ മുൻപിലും ചെന്ന്, ഏതു കാലത്ത് പറഞ്ഞാലും (ഞാൻ ഋതു നോക്കിയല്ല ഇവരോട് പറഞ്ഞത്) ഇത് ആവർത്തിക്കാമെങ്കിൽ മാത്രമേ അത് പാശ്ചാത്യ സയൻസ് ആവൂ. ഇത് മറ്റൊരാൾക്ക് മറ്റൊരു ചെടിയോട് പരീക്ഷിക്കണമെങ്കിൽ, മാനസികമായ ഭാവനയും വിശ്വാസവും വേണം. എന്റെ മനസ്സിലുള്ള ഗുരുവാണോ എന്നോട് ഇങ്ങിനെ ചെയ്യാൻ ആവശ്യപ്പെട്ടത്! അങ്ങിനെയെങ്കിൽ, സൂര്യനോടും ഇടിമിന്നലിനോടും മേഘങ്ങളോടും മഴയോടും മലകളോടും സംസാരിക്കാം എന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ടെങ്കിൽ, അതിനെ വെസ്റ്റേൺ സയൻസിനു വിഷയമാക്കുന്നതിനു പകരം ആ അന്തശ്ചോദന അനുസരിച്ചാൽ കിട്ടാവുന്നതല്ലേ ഈ അനുഭവം?

അതാണ് ശാസ്ത്രവും സയൻസും തമ്മിലുള്ള വ്യത്യാസം. ശാസ്ത്രം ഭാരതീയമാണ്. ഏതൊരു സംസ്കൃത പദവും ആംഗലത്തിലേക്ക് മാറ്റുന്പോൾ വരുന്ന അബദ്ധം തന്നെയാണിതും. അവതാരം എന്ന സംസ്കൃതപദം ഇൻകാർണേഷൻ എന്നാണ് തർജ്ജമ ചെയ്യപ്പെടുന്നത്. ഇൻകാർണേഷൻ എന്നതിന് എറ്റിമോളജിക്കലി, മാംസശരീരത്തിൽ പ്രവേശിക്കുക (കാർണ, കാർണിവോറസ്, മുതലായവ നോക്കുക എന്നു മാത്രമാണർത്ഥം. എന്നാൽ അവതാരം എന്നതിന് താഴേക്ക് വരുക, അല്ലെങ്കിൽ വൈഭവങ്ങളിൽ കുറവു വരുക എന്നും മറ്റുമാണർത്ഥം. ഭഗവാൻ അവതരിച്ചു എന്ന് പറഞ്ഞാൽ സ്വതവേ ഉള്ള കഴിവുകൾക്ക് പരിമിതി വരുത്തി എന്നു മാത്രമാണർത്ഥം. അതുകൊണ്ടാണ് നമ്മുടെ ഭഗവാന്മാർക്കും ഭഗവതിമാർക്കും മനുഷ്യനായി മാത്രമല്ല, യക്ഷനായോ ഗന്ധർവ്വനായോ കിന്നരനായോ രാക്ഷസനായോ അവതരിക്കാൻ പറ്റുന്നത്. അത് ഇൻകാർണേഷൻ അല്ല. ഇതു പോലെ തന്നെയാണ് പദാർത്ഥവും ഒബ്ജക്റ്റും.

ഇതു തന്നെയാണ് ഇന്ന് അത്യധികം ഉൽസാഹത്തോടെ ഭാരതീയതാ പ്രേമികൾ ഉദ്ദേശ ശുദ്ധിയോടെയാണെങ്കിലും വരുത്തിവക്കുന്ന അബദ്ധം. യൂറോപ്യൻ സയൻസ് ഒബ്ജക്ടീവ് (വസ്തുനിഷ്ഠം) ആണ്. അതിലൂടെ അത്തരം വസ്തുതകൾ മാത്രമേ വിശകലനം ചെയ്യാനാവൂ. ഭാരതീയ ശാസ്ത്രം സബ്ജക്റ്റീവ് (ആത്മനിഷ്ഠം) കൂടിയാണ്. അടുത്തകാലത്താണ് ഷ്രോഡിഞ്ഞറെപ്പോലെയുള്ള സയന്റിസ്റ്റ്സ്, വസ്തുനിഷ്ഠ ശാസ്ത്രീയ നിരീക്ഷണങ്ങൾ നിരീക്ഷകനെ കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്ന് കണ്ടുപിടിച്ചത്. അതുകൊണ്ടു തന്നെയാണ് നമ്മുടെ ശാസ്ത്രങ്ങൾ ജ്ഞാനിയായ ഒരു ഗുരുവിനെ ആശ്രയിക്കാൻ നിർബ്ബന്ധിക്കുന്നത്. ഗുരുവിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്പ്പോഴാണ് നമുക്കും ജ്ഞാനമുണ്ടാവുന്നത്. ആ ജ്ഞാനത്തെ സയന്റിഫിക് ആയി എക്സ്പ്ലെയിൻ ചെയ്യാൻ പരിമിതികളുണ്ട്. ഗണപതി ഹോമം നടത്തുന്പ്പോൾ ഇൻസെക്റ്റിസൈഡ്സ് ഉൽപ്പാദിക്കപ്പെടും അത് പരിസരം ശുദ്ധിയാക്കും എന്നത് സയന്റിഫിക് എക്സ്പ്ലനേഷൻ. എന്നാൽ അത് വിഘ്നങ്ങൾ നീക്കും എന്നത് ശാസ്ത്രജ്ഞാനം! ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹത്തിൽ ആവാഹിച്ചിരുത്തിയിട്ടുള്ള ശക്തി ചൈതന്യത്തോട്, “ഭഗവാനേ, ഭഗവതീ, എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ, എന്റെ മകളുടെ വിവാഹം നല്ലൊരു വരനോടു കൂടി ചേർന്ന് നടക്കണേ” എന്നും മറ്റുമുള്ള പ്രാർത്ഥനകൾ ശാസ്ത്രീയമാണ്, സയന്റിഫിക്കല്ല. അതിനെ സയന്റിഫിക്കായി സമീപിച്ച്, വൈബ്രേഷൻ, എനർജി എന്നും മറ്റും പറഞ്ഞ് അധ:കരിക്കുന്നത്, അവയെ മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുകയേ ഉള്ളു.

എന്നാൽ ഇന്ന് ഹൈന്ദവരുടെ ഇടക്കു തന്നെ ക്ഷേത്രാരാധനയെ പറ്റി പല അബദ്ധപ്രചാരണങ്ങളും നടക്കുന്നതെന്തുകൊണ്ട്?  (തുടരും)

1 comment:

  1. namaskAram,

    Thank you for your brilliant, scientific, perfect description.

    In my humble life, I have had several "magical" (yet scientific) experiences with plants (and Nature in general). One very impressive one was the peppermint plant helping me in 1985 to stop my 17-year old, pernicious habit of smoking. Another one was a tuLasi plant helping me quite miraculously getting out of an intense pain I felt in the hip one night many years ago around 2 AM. I embraced that night a Holy Basil plant that I had brought into the house because of the freezing temperatures outside and asked for help. And help did come and the pain was gone in 2 minutes, and has never come back in the last decade or so. After that experience I wrote a poem celebrating the "holiness" of tuLasi based on my concrete experience. I hope that one day the scientific world will lpay attentionto JC Bose and people like yourself. I must add that I have no tAntRic skill, and I have been using only simple Bhakti and complete openness to the profound sacredness of Nature, which is nothing but a vivaRtam or PariNAmam of the Supreme that some call Brahman, others Param Siva, and yet others, BhagavAn KR^shNa. Nature is nothing but SRee ParamESvari -- HER solidly and clearly manifest Compassion, Wisdom, Holiness. PRaNAmam again!!! dkmkartha@gmail.com

    ReplyDelete