Tuesday, August 2, 2016

ഹൈന്ദവാചാരവൈകല്യം-2

തന്ത്രവും വേദാന്തവും

ക്ഷേത്രാചാരങ്ങൾ തന്ത്രശാസ്ത്രത്തിനനുസരിച്ചാണ് നടത്തപ്പെടുന്നത്. തന്ത്രവും വേദാന്തവും വ്യത്യസ്തമാണ്. വേദാന്തം ദ്വൈതം എന്നും അദ്വൈതം എന്നും മറ്റും പല വിഭാങ്ങളായി അറിയപ്പെടുന്നുണ്ടെങ്കിലും, പ്രധാനമായും ഉപനിഷത്തുകളെയും, ബ്രഹ്മസൂത്രത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഭഗവത് ഗീത അതിനെ കുറെ ലളിതവത്കരിക്കുന്നുമുണ്ട്.  അതിലെ പ്രധാന തത്പര്യം,സർവ്വം ഖല്വിദം ബ്രഹ്മ (ഇക്കാണുന്നതെല്ലാം ബ്രഹ്മമാണ്), പ്രജ്ഞാനം ബ്രഹ്മ  (ആ ബ്രഹ്മം എന്നത് വിശേഷതരത്തിലുള്ള ഒരു ജ്ഞാനമാണ്), സച്ചിദാനന്ദം ബ്രഹ്മ (ആ ബ്രഹ്മം സത്, ചിത്, ആനന്ദം ഇവ ചേർന്നുള്ള സ്വരൂപമാണ്) അഹം ബ്രഹ്മാസ്മി (ഈ ഞാൻ ആ ബ്രഹ്മമാണ്) എന്നിങ്ങിനെയുള്ള അറിവാണ്. അങ്ങിനെയുള്ള ആ ബ്രഹ്മം വേദാന്തിയെ സംബന്ധിച്ചിടത്തോളം നിർഗ്ഗുണമാണ്. എന്നുവച്ചാൽ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങളിൽ ഒന്നു പോലുമില്ലാത്തതാണ് ആ ബ്രഹ്മം. മുൻ പറഞ്ഞ അഞ്ചു ഗുണങ്ങളും ഊടും പാവും പോലെ ഇടകലർന്ന ദ്രവ്യങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ട ഈ പ്രപഞ്ചം മുഴുവൻ യാതൊന്നിന്റെ രൂപാന്തരമാണോ ആ ബ്രഹ്മം.

നമുക്കതിനെ അറിയാൻ കഴിയില്ല. കാരണം മനുഷ്യന്റെ അറിവ് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ഉണ്ടാവുന്നത്. വർണ്ണങ്ങളുള്ള പൂക്കളെ കാണുന്നതും, കിളികളുടെ കളകളാരവം കേൾക്കുന്നതും, മുല്ല മല്ലി മുതലായ പൂക്കളുടെ ഗന്ധം നുകരുന്നതും, പൂക്കളിൽ കിനിയുന്ന തേനിന്റെ മാധുര്യം ആസ്വദിക്കുന്നതും, പഞ്ഞിയുടെ മാർദ്ദവം ആസ്വദിക്കുന്നതും എല്ലാം ആ ദ്രവ്യങ്ങളെല്ലാം ഗുണങ്ങളുള്ളവയാതുകൊണ്ടാണ്. ‘സഗുണങ്ങൾ’ ആയതുകൊണ്ടാണ്. മുൻപിലുള്ള ഒരു ദ്രവ്യത്തിനെ കാണാനോ, കേൾക്കാനോ, മണക്കാനോ, രുചിക്കാനോ, തൊടാനോ പറ്റില്ല, അതെന്താണെന്നു പറയാമോ എന്ന് ചോദിച്ചാൽ, നമുക്കു പറയാൻ പറ്റില്ല. അത് പ്രേതം പോലുള്ള എന്തെങ്കിലുമായിരിക്കും. അതിലൂടെ നമുക്കു കടന്നു പോകാനും പറ്റും. അത്തരം ഒന്നാണ് നിർഗ്ഗുണബ്രഹ്മം. ആ നിർഗ്ഗുണബ്രഹ്മം സ്വയം രൂപാന്തരങ്ങൾ പ്രാപിച്ച് സഗുണാത്മകമായ ഈ പ്രപഞ്ചം ഉണ്ടായത് പല പരിണാമങ്ങളിലൂടെയാണ്. ഇതാണ് വേദാന്തം.

അദ്വൈതവേദാന്തത്തിന്റെ പ്രധാന ഉപജ്ഞാതാവായറിയപ്പെടുന്ന ആദി ശങ്കരൻ വ്യാഖ്യാനിച്ച മൂന്ന് പ്രധാന ചിന്താ സരണികളാണ് വേദാന്തത്തിലെ പ്രസ്ഥാനത്രയമായി അറിയപ്പെടുന്നത്. ഉപനിഷത്, ഭഗവത് ഗീത, ബ്രഹ്മസൂത്രം ഇവയാണവ. ഇതിനകം തന്നെ ആദ്യത്തെ രണ്ടും ധാരാളം പ്രഭാഷണങ്ങളിലൂടെ പലജ്ഞാനികളും ജനങ്ങളെ കേൾപ്പിച്ചുകഴിഞ്ഞു. അതിൽ മിക്ക പ്രഭാഷകരും, തന്ത്രത്തെ ഇകഴ്ത്തുകയും, ക്ഷേത്രങ്ങളെ ഭർൽസിക്കുകയും ചെയ്യുന്നുണ്ട്. ക്ഷേത്രം എന്നത് ഒരു സ്ഥാപനമാണ്. അവിടെ സ്ഥാപനപരമായ അനാചാരങ്ങളോ അഴിമതികളോ നിലനിൽക്കുന്നുണ്ടെങ്കിൽ അവയെ ദൂരീകരിക്കേണ്ടതാണ്. എന്നാൽ അതുകൊണ്ട് ക്ഷേത്രാരാധനയും, താന്ത്രികാചാരങ്ങളും ദുഷിക്കപ്പെടേണ്ടവയല്ലെന്നു തന്നെയല്ല, ഇന്ന് വേദാന്തത്തെക്കാൾ മനുഷ്യർക്കാവശ്യം ക്ഷേത്രങ്ങളും ബന്ധപ്പെട്ട താന്ത്രികാരാധനകളുമാണ്.

ഭഗവത് ഗീത

വേദാന്തം സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. മണ്ഡനമിശ്രനെപ്പോലൊരു പരമജ്ഞാനിയെ അതു ബോദ്ധ്യപ്പെടുത്താൻ, ആദി ശങ്കരന് അനേകം മാസങ്ങളിലെ തുടർച്ചയായ ഘോരമായ വാദങ്ങൾ വേണ്ടിവന്നു.   മണ്ഡനമിശ്രനാണെങ്കിലോ, ഇതേവിഷയങ്ങളിൽ തന്നെ അഗാധപാണ്ഡിത്യമുണ്ടായിരുന്ന സ്വന്തം ഭാര്യ ഉഭയഭാരതിയുടെ അനവരതമായ സഹകരണത്തോടു കൂടി അനേകവർഷങ്ങളായി വേദങ്ങളിലെ കർമ്മകാണ്ഡം അനുസരിച്ചയാളും.

പിന്നെയാണോ ആംഗല വിദ്യാഭ്യാസം അനുസരിച്ച് പാശ്ചാത്യ സയൻസും പഠിച്ച്, സംസ്കൃതവിരോധം അലങ്കാരമായിക്കൊണ്ടു നടക്കുന്ന, ബാങ്കിലോ, ഐടി കന്പനിയിലോ പണിചെയ്യുന്നസ്ത്രീപുരുഷന്മാർക്കും, അതു മനസ്സിലാവുന്നത്? രാപകൽ കുടുംബത്തിന്റെ ഭക്ഷണകാര്യങ്ങളിലും, വീടു വൃത്തിയാക്കിവക്കുതിലും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രദ്ധചെലുത്തുന്ന വീട്ടമ്മമാർക്കതു മനസ്സിലാവുന്നത്? അതുകൊണ്ടു തന്നെയാണ് ഇത്രയധികം ഗീതാജ്ഞാനപ്രഭാഷണങ്ങൾ നടന്നിട്ടും, ഒരൊറ്റ ഗൃഹനാഥനോ വീട്ടമ്മയോ വിദ്യാർത്ഥിയോ താൻ സ്വയം ഘനീഭൂതമായ ജ്ഞാനമാണെന്ന് ‘അനുഭവിക്കാഞ്ഞത്’. അത്രയും വേണ്ട, “ധ്യായതോ വിഷയാൻ പുംസ:...” എന്നതിന്റെയോ, “സുഖദു:ഖെ സമീകൃത്വാ…” എന്നതിന്റെയോ അർത്ഥമെങ്കിലും മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാത്തത്. എന്നാൽ ഇതു മനസ്സിലായാലും അപകടം തന്നെ. നല്ല ഭംഗിയായി വീട്ടു കാര്യങ്ങൾ നോക്കി നടത്തുന്ന ഒരു ഭാര്യക്കോ, ഭർത്താവിനോ ഒരാൾക്ക് പെട്ടെന്ന് “അസക്തിരനഭിഷ്വംഗ: പുത്രദാരഗൃഹാദിഷു” (പുത്രൻ, ഭാര്യ, ഗൃഹം, മുതലായവയിൽ സ്നേഹവാൽസല്യങ്ങൾ, താദാത്മ്യം എന്നിവ അരുത്. ‘മുതലായവയിൽ’ വളർത്തുമൃഗങ്ങൾ, ഇന്നത്തെക്കാലത്ത്, കാറ്, മോടോർസൈക്കിൾ മുതലായവയും പെടും. അഭിഷ്വംഗം എന്നത് എംപഥി എന്ന ആംഗല പദം ദ്യോതിപ്പിക്കുന്ന അർത്ഥമാണ്) എന്ന് മനസ്സിലായാൽ എന്തായിരിക്കും അവസ്ഥ! അതുകൊണ്ടു തന്നെയാണ് ത്രികാലജ്ഞനായ ഭഗവാൻ ശ്രീകൃഷ്ണൻ ഭാവിയിൽ വരാൻ പോകുന്ന യുദ്ധവും, യുദ്ധഭൂവിൽ നടക്കാൻ പോകുന്ന അർജ്ജുന വിഷാദയോഗവും മുൻ കൂട്ടിയറിഞ്ഞിട്ടും, ഒരു അത്താഴത്തിനു ശേഷമോ, ഒരു പ്രഭാതസവാരിക്കൊപ്പമോ സ്വന്തം അളിയനു ഗീത ഉപദേശിക്കാഞ്ഞത്. അത്രയുമല്ല, അർജ്ജുനൻ യുദ്ധഭൂമിക്ക് നടുവിൽ നിന്ന്  ചോദിച്ചപ്പോഴും, “ഏതായാലും ഇവൻ ചോദിച്ചു, എങ്കിൽ പിന്നെ ആ ഭീഷ്മരെയും, ദ്രോണരെയും, ദുര്യോധനനെയും, ദു:ശ്ശാസനനെയും കൂടി വിളിച്ച് ഒന്നിച്ച് പറഞ്ഞുകൊടുക്കാം” എന്ന് വിചാരിക്കാതെ വളരെ രഹസ്യമായി അളിയനു പറഞ്ഞു കൊടുത്തത്.

ഉപനിഷത്തുകൾ

ഇനി വേദാന്തം പ്രതിപാദിക്കുന്ന ഉപനിഷത്തുകൾ നോക്കാം. ബൃഹദാരണ്യകം, ചാന്ദോഗ്യം, തൈത്തരീയം, ഐതരേയം, കൗഷീതകം, കേനം എന്നീ അതി പ്രാചീനോപനിഷത്തുകൾക്കു ശേഷമാണ് കഠം, ഈശം, ശ്വേതാശ്വതരം, മുണ്ഡകം എന്നിവയും അതിനും ശേഷമാണ് പ്രശ്നം, മൈത്രി, മാണ്ഡൂക്യം ഇവയും ഉത്ഭവിച്ചത്. ഇവയിൽ ചിലവ ആത്മജ്ഞാനപ്രഭാഷണപരങ്ങളും, ചിലവ ഗുരുശിഷ്യസംവാദരൂപങ്ങളും, ചിലവ ബ്രാഹ്മണ്യം, സന്യാസം, ഹംസാവസ്ഥ ഇത്തരം അവസ് ഥകളെ നിർവ്വചിക്കുന്ന രൂപങ്ങളിലുള്ളവയുമാണ്. ഇവയിൽ ബ്രഹ്മജ്ഞാനത്തെ പ്രതിപാദിക്കുന്ന ചിലവ നോക്കാം.

ഈശാവാസ്യം: “തദേജതി തന്നൈജതി തദ്ദൂരെ തദന്തികെ; തദന്തരസ്യ സർവ്വസ്യ തദു സർവസ്യാസ്യ ബാഹ്യത:” (ഈശ.5) (അത് നീങ്ങുന്നു, അതു നീങ്ങുന്നില്ല. അതകലെ, അതടുത്ത്, അതെല്ലാത്തിനും അകത്ത്, അതെല്ലാത്തിനും പുറത്ത്)

കേനം: “ന തത്ര ചക്ഷുർഗച്ഛതി, ന വാഗ്ഗച്ഛതി, നോ മനോ ന വിദ്മോ..” (കേനം 1.3) (അവിടെ കാഴ്ച ചെല്ലില്ല, വാക്കുകൾ ചെല്ലില്ല, മനസ്സും ചെല്ലില്ല, ഞങ്ങൾക്കതെന്താണെന്നറിയില്ല)  --- “നാഹം മന്യെ സുവേദേതി, നോ ന വേദേതി വേദ ച” (കേനം 2.2) ( അറിഞ്ഞു എന്നു ഞാൻ വിചാരിക്കുന്നില്ല. അറിയുന്നില്ലെന്നും വിചാരിക്കുന്നില്ല. അറിയുന്നുമുണ്ട്.) “യസ്യാമതം തസ്യമതം മതം യസ്യ ന വേദ സ:” (കേനം 2.3) (അറിയാത്തവൻ അറിയുന്നു, അറിയുന്നവൻ അറിയുന്നില്ല)

ഇതൊന്നും വായിച്ചാൽ ബ്രഹ്മജ്ഞാനമുണ്ടാവില്ല. ശങ്കരഭഗവത്പാദർക്കുപോലും അതുണ്ടായില്ല എന്ന് മേൽ വിവരിക്കാം.


ബ്രഹ്മസൂത്രം

ഇനിയുള്ളത് ബ്രഹ്മസൂത്രമാണ്. ‘അഥാതോ ബ്രഹ്മജിജ്ഞാസാ’ (അതിനുശേഷം അതുകൊണ്ട് ബ്രഹ്മത്തെപ്പറ്റി ജിജ്ഞാസാ), ‘ജന്മാദ്യസ്യയത:’ (ഇതിന്റെ ജന്മം മുതലായവ എവിടെ നിന്നാണോ) എന്നിങ്ങിനെ കാച്ചിക്കുറുക്കിയ ബ്രഹ്മസൂത്രത്തെ ധാരാളം വ്യാഖ്യാനിച്ചെങ്കിലേ പണ്ഡിതർക്കു പോലും മനസ്സിലാവൂ. ശങ്കരൻ അതിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.  മറ്റെല്ലാ മതങ്ങളെയും ഖണ്ഡിച്ചുകൊണ്ടു മുന്നേറുന്നതാണ് ബ്രഹ്മസൂത്രങ്ങളും, ശങ്കരന്റെ വ്യാഖ്യാനങ്ങളും.
അതിലും എന്തു ചെയ്താലാണ് ഞാൻ ബ്രഹ്മമാണ് എന്ന വിശേഷജ്ഞാനമുണ്ടാവുക എന്നു വ്യക്തമല്ല.

സ്വന്തം ഗുരു ഗോവിന്ദമുനി തപസ്സിരിക്കുന്ന ഗുഹ നർമ്മദാ നദിയിലെ വെള്ളപ്പൊക്കം മൂലം മുങ്ങുമെന്ന അവസ്ഥ വന്നപ്പോൾ ശങ്കരഭഗവത്പാദർ തന്റെ കമണ്ഡലുവിലേക്ക് ആ ജലപ്രവാഹത്തെ ‘മന്ത്രശക്തിയാൽ’ ആകർഷിച്ചുവെന്നൊരു കഥയുണ്ട്. അത് വിശ്വസിക്കാമെങ്കിൽ ആ മന്ത്രശക്തിയെന്താണ്? അതിൽ വേദാന്തമെന്താണ്? മണ്ഡനമിശ്രന്റെ ഭാര്യയുമായുണ്ടായ വാദത്തിൽ, അവർ ചോദിച്ച ലൈംഗിക വിഷയപരമായ ചോദ്യങ്ങൾക്കൊന്നും ശങ്കരനുത്തരമുണ്ടായിരുന്നില്ല. അവസാനം പരകായപ്രവേശത്തിലൂടെ അമരുക മഹാരാജാവിന്റെ ജഡത്തിൽ പ്രവേശിച്ച് പട്ടമഹിഷികളുമായി രമിച്ചാണ് അതിൽ അറിവു സന്പാദിച്ചത്. വേദാന്തത്തിലെ എന്തു വിദ്യയാണ് പരകായ പ്രവേശത്തിന് ശങ്കരനെ സഹായിച്ചതെന്ന ചോദ്യത്തിലുപരി, “ഞാൻ ശുദ്ധജ്ഞാനസ്വരൂപനും സച്ചിദാനന്ദസ്വരൂപനുമായ ബ്രഹ്മമാണ്” എന്ന് “അനുഭവിച്ച” ശങ്കരന് ഭൗതികമായ ലൈംഗിക വേഴ്ച്ച കൂടാതെ അതിനെ പറ്റി അറിയില്ലായിരുന്നു എന്നത് ദുരൂഹമാണ്.

വേദാന്തവും ക്ഷേത്ര തന്ത്രവും

എങ്കിൽ പിന്നെ സമകാലിക ജനതക്ക് വേദാന്തം കൊണ്ടെന്തു പ്രയോജനം! മകന് ജോലി കിട്ടാതെ കഷ്ടപ്പെടുന്ന അമ്മക്കോ, ഫ്യൂചേഴ്സിലും ഓപ്ഷൻസിലും പണം നഷ്ടപ്പെട്ട അച്ഛനോ, സ്വന്തമായി ഒരു വീടു വക്കാൻ കഷ്ടപ്പെടുന്ന ഒരു യുവാവിനോ, അഹം ബ്രഹ്മാസ്മി, ജന്മാസ്യയത:, യസ്യാമതം തസ്യ മതം, അസക്തിരനഭിഷ്വംഗ: മുതാലായ വാക്യങ്ങൾകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല അവയിൽ ചിലത് മനസ്സിലായാലും ഗൃഹസ്ഥൻ അപകടത്തിലാവും. അത്തരം ദൈനം ദിന പ്രശ്നങ്ങൾക്ക് ക്ഷേത്രങ്ങൾ തന്നെ ഗതി. കല്യാണം കഴിക്കാത്ത മകളുടെ കല്യാണം നടക്കാൻ ശിവപാർവതീക്ഷേത്രത്തിൽ ഒരു സ്വയംവര പുഷ്പാഞ്ജലി നടത്തുക, മുടങ്ങിപ്പോയ ഭവന നിർമ്മാണം തടസ്സം കൂടാതെ തീരാൻ ഗണപതി ഹോമം നടത്തുക മുതലായ താന്ത്രികാരാധനാ സന്പ്രദായങ്ങളാണതിനാവശ്യം.

ക്ഷേത്രങ്ങളിൽ പോകരുത്, പ്രാർത്ഥിക്കരുത്, ക്ഷേത്രത്തിലെ സ്വത്തെല്ലാം പൊതുജനങ്ങൾക്ക് വിതരണം ചെയ്യണം എന്നൊക്കെ ഘോരഘോരം വായിട്ടടിക്കുന്ന കാവി വസ്ത്രക്കാർ തന്നെ ഇന്ന് സുലഭം. എല്ലാം ബ്രഹ്മമാണ് അതുകൊണ്ട് ഒരു ശിവക്ഷേത്രത്തിലോ, ഗണപതി ക്ഷേത്രത്തിലോ, ദുർഗ്ഗാക്ഷേത്രത്തിലോ പോകേണ്ട; എല്ലാം ഒന്നാണ്. എന്നാണെങ്കിൽ, എല്ലാസ്ത്രീകളും സ്ത്രീകളാണ്. അതുകൊണ്ട് ഒരാളെ ഭാര്യയായും മറ്റൊരാളെ പെങ്ങളായും ഇനിയൊരാളെ അമ്മയായും ഒന്നും കണക്കാക്കേണ്ട ഒരാളെത്തന്നെ “സ്ത്രീ” യായി കണക്കാക്കി അമ്മയായും ഭാര്യയായും മകളായും എല്ലാം പെരുമാറാം എന്നു വരും. അതിലേറെ അപകടമെന്താണുള്ളത്?

ഇതെല്ലാം സാക്ഷാൽ ആദിശങ്കരനും അറിയാമായിരുന്നു. അതുകൊണ്ടാണ് ഭഗവാൻ, പ്രപഞ്ചസാരം എന്നൊരു താന്ത്രിക ഗ്രന്ഥമെഴുതി വച്ചത്. അതിൽ നല്ല വൃത്തിയായി നരസിംഹമന്ത്രം കൊണ്ട് എങ്ങിനെ ശത്രുസംഹാരം നടത്താം, ദു:സ്വപ്നം കണ്ടുണർന്നവൻ ഈ നരസിംഹമന്ത്രജപം കൊണ്ട് ആ ക്ഷണം സുഖനിദ്രപ്രാപിക്കുമെന്നും, വനത്തിൽ സഞ്ചരിക്കുന്നവൻ ഈ മന്ത്രജപം കൊണ്ട്, ദുഷ്ടമൃഗങ്ങളെയും, ഘോര സർപ്പങ്ങളെയും മറ്റും ദൂരെമാറ്റി എങ്ങിനെ സുഖമായി ചരിക്കുമെന്നും മറ്റും പറയുന്നത്. നരസിംഹം മാത്രമല്ല,  ലക്ഷ്മി, ത്രിപുരാ, മഹാഗണേശൻ, മന്മഥൻ, നാരായണൻ, വരാഹം, ലവണ മന്ത്രം (വശീകരണത്തിന്) എന്നിങ്ങിനെ അസംഖ്യം മന്ത്രങ്ങളും, യന്ത്രങ്ങൾ എങ്ങിനെ എഴുതണം എന്നും മറ്റും പറഞ്ഞുവച്ചത്. ഇതെഴുതിയത് ആദിശങ്കരനല്ല എന്നാരും എന്നോട് കയർക്കാനും വരേണ്ടതില്ല. കാരണം ഇതിന് വ്യാഖ്യാനം എഴുതിയത്, ശങ്കരന്റെ ശിഷ്യൻ പത്മപാദാചാര്യരാണ്. ഇതേ ഉദ്ദേശത്തിൽ ത്തന്നെയാവണം ശങ്കരൻ സൗന്ദര്യലഹരി എന്ന താന്ത്രിക ഗ്രന്ഥം കൂടി എഴുതി വച്ചത്.

അതുകൊണ്ട് ഈ കലികാലത്തിൽ, മനുഷ്യന് ഭോഗമോക്ഷാദികൾ ലഭിക്കാൻ ഗുരൂപദിഷ്ടവും വൈയക്തികവുമായ താന്ത്രികരാധനയോ ക്ഷേത്രാരാധനയോ മാത്രമേ വഴിയുള്ളൂ.

എങ്കിൽ എന്താണ് ക്ഷേത്രം? എങ്ങിനെയാണ് ക്ഷേത്രാരാധന? എങ്ങിയാണ് ഗുരൂപദേശത്തിലൂടെ മന്ത്രസാധനനടത്തി ഭോഗമോക്ഷാദികൾ രണ്ടും നേടുന്നത്?
(തുടരും)

5 comments:

  1. വങ്കസാഹിത്യത്തെപ്പറ്റി ഒരാള് സത്യം പറയുന്നത് ആദ്യമായി കേൾക്കുകയാണ്. ഭഗവത് ഗീതയും വേദാന്തവും അന്യം നിന്നു പോയ ശ്രുതിയും പേറി ദേവതാപീഠങ്ങളെ നശിപ്പിക്കുന്ന പ്രവണതയാണ് കേരളം മുഴുവനും. ഋഗ്വേദം ചൊല്ലിയാണ് പലയിടത്തും ചൈതന്യം വർദ്ധിപ്പിക്കുന്നത്.

    ReplyDelete
  2. നമസ്കാരം !

    താങ്കൾ എഴുതിയതിനോട് പൂർണ്ണമായി യോജിയ് ക്കുന്നു. നിരവധി കപട-ജ്ഞാനികൾ വേദാന്തികളാണെന്നു സ്വയം പ്രഖ്യാപിച്ചു (മറ്റുള്ളവരുടെ ഗ്രന്ഥങ്ങളിൽനിന്ന് മോഷണം നടത്തി) പുസ്തകങ്ങളെഴുതിയും പ്രഭാഷണം നടത്തിയും വിരാജിയ് ക്കുന്നതിനിടയ് ക്ക് താങ്കളുടെ ശബ്ദം -- സത്യനാദം -- മുഴങ്ങിക്കേൾ ക്കുന്നത് എത്ര ഹൃദ്യം !

    താങ്കൾ എഴുതുന്നു:---


    ഇതിന്റെ കൂടെ നാമജപം, സത്‌സംഗം, വ്രതം, ഉപവാസം, കീർത്തനം, പുരാണ-പാരായണം, പുരാണശ്രവണം എന്നിവയും ചേർത്തുകൂടേ ? ഇതിനൊക്കെ സമയം എല്ലാവർക്കും ഇപ്പോഴും കിട്ടിയെന്നു വരില്ല, എങ്കിലും ആവുന്നത്ര ഇത്തരം കാര്യങ്ങളിലും പങ്കെടുത്താൽ, സാധാരണ-ക്കാർക്ക് ഈശ്വരാനുഭവം ഉണ്ടാകും എന്നാണ്, ഈയുള്ളവന്റെ എളിയ വിശ്വാസം. വീണ്ടും സാദരം പ്രണാമം! dkmkartha@gmail.com

    ReplyDelete
  3. നമസ്കാരം !

    താങ്കൾ എഴുതിയതിനോട് പൂർണ്ണമായി യോജിയ് ക്കുന്നു. നിരവധി കപട-ജ്ഞാനികൾ വേദാന്തികളാണെന്നു സ്വയം പ്രഖ്യാപിച്ചു (മറ്റുള്ളവരുടെ ഗ്രന്ഥങ്ങളിൽനിന്ന് മോഷണം നടത്തി) പുസ്തകങ്ങളെഴുതിയും പ്രഭാഷണം നടത്തിയും വിരാജിയ് ക്കുന്നതിനിടയ് ക്ക് താങ്കളുടെ ശബ്ദം -- സത്യനാദം -- മുഴങ്ങിക്കേൾ ക്കുന്നത് എത്ര ഹൃദ്യം !

    താങ്കൾ എഴുതുന്നു:--- "ഈ കലികാലത്തിൽ, മനുഷ്യന് ഭോഗമോക്ഷാദികൾ ലഭിക്കാൻ ഗുരൂപദിഷ്ടവും വൈയക്തികവുമായ താന്ത്രികരാധനയോ ക്ഷേത്രാരാധനയോ മാത്രമേ വഴിയുള്ളൂ."


    ഇതിന്റെ കൂടെ നാമജപം, സത്‌സംഗം, വ്രതം, ഉപവാസം, കീർത്തനം, പുരാണ-പാരായണം, പുരാണശ്രവണം എന്നിവയും ചേർത്തുകൂടേ ? ഇതിനൊക്കെ സമയം എല്ലാവർക്കും ഇപ്പോഴും കിട്ടിയെന്നു വരില്ല, എങ്കിലും ആവുന്നത്ര ഇത്തരം കാര്യങ്ങളിലും പങ്കെടുത്താൽ, സാധാരണ-ക്കാർക്ക് ഈശ്വരാനുഭവം ഉണ്ടാകും എന്നാണ്, ഈയുള്ളവന്റെ എളിയ വിശ്വാസം, അനുഭവം . വീണ്ടും സാദരം പ്രണാമം! dkmkartha@gmail.com

    ReplyDelete
  4. DKM, I agree with you. chanting namam, japam, upavasam etc. etc. many ways are there. But due to my need to keep the article short, I contained to some ways only. You are absolutely right. Thank you for adding this.

    ReplyDelete
  5. DKM, I agree with you. chanting namam, japam, upavasam etc. etc. many ways are there. But due to my need to keep the article short, I contained to some ways only. You are absolutely right. Thank you for adding this.

    ReplyDelete