Saturday, August 13, 2016

ഭാരതീയന്റെ നാണം മാറാൻ

ഉപോദ്ഘാതം

ആയുർവേദം പഠിക്കണമെങ്കിൽ സംസ്കൃതം പഠിക്കണ്ട! ഇതാണിന്നത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തം. എന്നാൽ വാസ്തവമെന്താണ്? സംസ്കൃതം നേരാംവണ്ണം പഠിച്ചാൽ ആയുർവേദം പഠിക്കണ്ട എന്നതാണ്!!

ഭാരതീയ ദർശനങ്ങൾ സംസ്കൃതത്തിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ. സംസ്കൃതം മാത്രം യഥാവിധി പഠിച്ചാൽ മതി, മറ്റു വിഷയങ്ങൾ വായിച്ച് പഠിക്കാൻ കഴിയുകയും ചെയ്യും. പുന്നശ്ശേരി നന്പി നീലകണ്ഠ ശർമ്മ, എന്നൊരു സംസ്കൃത പണ്ഡിതനുണ്ടായിരുന്നു.  പട്ടാന്പി സംസ്കൃതസർവ്വകലാശാല സ്ഥാപിച്ചത് അദ്ദേഹമാണ്. കേരളപാണിനി എന്നറിയപ്പെടുന്ന എ. ആർ. രാജ രാജവർമ്മ ഒരു സദസ്സിൽ ശർമ്മയുടെ സംസ്കൃത പ്രസംഗത്തിന് തൽസമയ തർജ്ജമ മലയാളത്തിൽ ചെയ്തുകൊണ്ടിരുന്നപ്പോൾ, ഒരവസരത്തിൽ, വർമ്മ, ശർമ്മയുടെ പാദം തൊട്ടു വണങ്ങി, ഇത് തർജ്ജമ ചെയ്യാൻ എന്നാൽ സാദ്ധ്യമല്ല എന്നു പറഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങി എന്ന ചരിത്രത്തിൽ നിന്നും, നന്പി നീലകണ്ഠശർമ്മയുടെ സംസ്കൃത പാണ്ഡിത്യം ഊഹിക്കാവുന്നതേയുള്ളു. ആ ശർമ്മയിൽനിന്നും സംസ്കൃതഭാഷ, വ്യാകരണം, ജ്യോതിഷം എന്നിവ അഭ്യസിച്ച്, വൈദ്യം പഠിപ്പിക്കാനിറങ്ങിയ ടി. എൻ. കെ മൂസ്സ് ആയുർവേദം ഔപചാരികമായി പഠിച്ചിരുന്നില്ല! സംസ്കൃതത്തിലുള്ള അറിവു വച്ച്, അഷ്ടാംഗഹൃദയത്തിലെ സൂത്രങ്ങൾ സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ, കോട്ടക്കൽ, കൊയന്പത്തൂർ എന്നീ ആയുർവേദ കോളേജുകളിൽ അദ്ദേഹം പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു, പത്മഭൂഷൺ ഡോ. പി. കെ. വാരിയർ, പത്മശ്രീ ഡോ. കെ. രാജഗോപാലൻ, പത്മശ്രീ രാഘവൻ തിരുമുല്പാട്, പത്മശ്രീ പി. ആർ കൃഷ്ണകുമാർ എന്നിങ്ങിനെയുള്ള പ്രഗത്ഭമതികൾ.
ഈ കഥപറഞ്ഞത്, ഭാരതത്തിൽ പഠിക്കപ്പെടേണ്ട വിഷയങ്ങളും, മാദ്ധ്യമമായ സംസ്കൃതവും എങ്ങിനെ ഇഴ ചേർന്നിരുന്നു എന്ന് കാണിക്കാനാണ്. ഇന്നവശേഷിച്ചിരിക്കുന്ന സംസ്കൃതം പോലും പാശ്ചാത്യരീതിയിലാണ് പഠിപ്പിക്കപ്പെടുന്നതെന്നത്, സംസ്കൃതത്തിൽ നേടാവുന്ന പ്രാവീണ്യത്തിനു കുറവു വരുത്തിയിട്ടുണ്ട്.

സംകൃതത്തിന്റെ പഴക്കം നിർണ്ണയിക്കാവുന്നതല്ല. ഇന്നത്തെ കന്പ്യൂട്ടറിനുപോലും ഏറ്റവും ഉതകുന്ന ഭാഷയാണ് സംസ്കൃതം എന്നത് ഇന്ന് പകൽ വെളിച്ചം പോലെ എല്ലാവരും അംഗീകരിക്കുന്നതാണ്. പാണിനീയം പോലെ ഒരു വ്യാകരണ ഗ്രന്ഥം ലോകത്തെങ്ങുമില്ല. ക്രി.മു. 7 ആം നൂറ്റാണ്ടുമുതൽ, 3 ആം നൂറ്റാണ്ടുവരെ പാണിനിയുടെ കാലഘട്ടമായി തർക്കം നിലനിൽക്കുന്നതിൽ നിന്നും ഇതിലെ അവ്യക്തത വ്യക്തമാണ്.  സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസ്, സ്കോട്ലന്റിലെ ഒരു പ്രബന്ധത്തിൽ ഇങ്ങിനെ പറയുന്നു. “പല വിധത്തിലും പാണിനിയുടെ നിർമ്മിതികൾ ആധുനിക മാത്തമാറ്റിക്സ് ഫങ്ഷൻസ് നിർവ്വചിക്കുന്നതുപോലെയാണ്…. ആധുനിക കന്പ്യൂട്ടർ ഭാഷ നിർവ്വചിക്കാൻ ഉപയോഗപ്പെടുത്തുന്ന ഫോർമൽ ലാങ്ഗ്വേജിന്റെ ഉപജ്ഞാതാവായി പാണിനിയെ കണക്കാക്കണം.  ബാക്കസ് നോർമൽ ഫോം.1959ൽ ജോൺ ബാക്കസ് ആണ് സ്വതന്ത്രമായി കണ്ടു പിടിച്ചത്, എങ്കിലും പാണിനിയുടെ സങ്കേതങ്ങൾ ബാക്കസിനോളം തന്നെ ശക്തവും സമാനമായ കഴിവുകൾ ഉള്ളതുമാണ്. ആധുനിക കന്പ്യൂട്ടർ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ഉത്ഭവം 2500 ഓളം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു ഇന്ത്യൻ പ്രതിഭയിൽ നിന്നുണ്ടായതാണെന്നത് വിസ്മയകരം തന്നെ.” (http://www-gap.dcs.st-and.ac.uk/~history/Biographies/Panini.html)


സംസ്കൃതത്തെപ്പോലെ ഒരു ഭാഷ ലോകത്തില്ല. ഏതായാലും പാണിനീയം പോലെ കാച്ചിക്കുറുക്കിയൊരു ഗ്രന്ഥം അന്നെഴുതണമെങ്കിൽ, അതിലും എത്രായിരം വർഷങ്ങൾക്കു മുൻപ് ഉണ്ടായി പരിണമിച്ചതായിരിക്കണം ആ ഭാഷ! നമുക്കു വെറുതേ അങ്ങു സങ്കല്പിച്ചു നോക്കാം. ഒരു 10,000 വർഷം? 50,000 വർഷം?

ഭാരതീയന്റെ നാണം

ശക്തരും ക്രൂരരുമായ വിമർശകർ പോലും, നാഗരികതയിലും കൃഷിയിലും തത്വശാസ്ത്രത്തിലും വളരെ പുരോഗമിച്ച ഒരു സംസ്കരം 3000 വർഷങ്ങൾക്ക് മുന്പ്  നമുക്കുണ്ടായിരുന്നെന്നും, അത് പരദേശികളുടെ പൈശാചികമായ ആക്രമങ്ങളാൽ നശിച്ചുപോയതാണെന്നും സമ്മതിക്കുന്നു. ഏതാനും ചില ശതാബ്ദങ്ങൾക്ക് മുൻപ്, യൂറോപിൽ നിന്നും കച്ചവടക്കുപ്പായമിട്ട അക്രമികൾ, ഭാരതം മിക്കവാറും പൂർണ്ണമായിത്തന്നെ ആധിപത്യം സ്ഥാപിച്ച്, ഇവിടത്തെ സന്പന്നമായ വിദ്യാഭ്യാസ രീതികളെ തച്ച് തകർത്ത്, അവരുടെ പ്രാകൃതമായ രീതികൾ നമ്മിൽ അടിച്ചേല്പിക്കുകയും ചെയ്തു. തുടർന്ന് ഭാരതത്തിന്റെ ചരിത്രവും അവർ നമ്മളെ എഴുതി പഠിപ്പിച്ചു. നമുക്കു പാരന്പര്യമായിക്കിട്ടിയ സാഹിത്യം മുഴുവനും ചരിത്രമല്ല, പുരാണങ്ങളും കഥകളുമാണ്, ചരിത്രമാണെങ്കിൽ ഇന്നവിധമാണ് എഴുതേണ്ടത് എന്നും നമ്മെ പഠിപ്പിച്ചു. ഇതെല്ലാം ചെയ്തുകൂട്ടിയ ആക്രമികൾ ചരിത്രരചന തുടങ്ങിയത് തന്നെ അറുനൂറോ, എഴുനൂറോ കൊല്ലങ്ങൾക്കിപ്പുറം മാത്രമാണെന്ന് നമ്മളറിഞ്ഞു.
ഇന്ന്, ഓഷ്യാനോഗ്രഫി , ആർക്കിയോളജി , ഭാഷാശാസ്ത്രം , ജനറ്റിക്സ് , ജ്യോതിശാസ്ത്രം , റിമോട്ട് സാറ്റലൈറ്റ് സെൻസിങ് തുടങ്ങിയ നൂതന ശാസ്ത്രീയ ആയുധങ്ങളുപയോഗിച്ച് തനിച്ചും ഇവയിൽ പലതും സഹകരിച്ചും നടത്തിയ ഗവേഷണങ്ങളിൽ, വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള മിക്കവാറും എല്ലാ കാര്യങ്ങളും, ചരിത്രസംഭവങ്ങളാണ് എന്ന് തെളിഞ്ഞിരിക്കയാണ്. പല ഗവേഷണ പ്രബന്ധങ്ങളും വിദേശീയരും ഭാരതീയരുമായ ഉന്നത ശാസ്ത്രജ്ഞന്മാരുടേതായി, ഇന്ന് ഇന്റർനെറ്റിലും ലഭ്യവുമാണ്. എന്നിട്ടും, അത്തരം പ്രബന്ധങ്ങളൊന്നും ഒന്നു വായിച്ചു നോക്കാൻ പോലും ഒരുന്പെടാതെ, നമുക്ക് ലോകത്തിൽ ഏറ്റവും പ്രാചീനമായൊരു സംസ്കാരമുണ്ടായിരുന്നു, അതിൽ, ഗോള ശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഗണിതം, ക്ഷേത്രഗണിതം, വിജ്ഞാന ശാസ്ത്രം, തർക്കശാസ്ത്രം, വൈദ്യശാസ്ത്രം, മുതലായ പല വിഷയങ്ങളിലും ഗഹനമായ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിനു ശേഷമാണ് പാശ്ചാത്യ ഗവേഷകർ അതിൽ പലതും അറിയുന്നത് എന്നൊക്കെയുള്ള ഭാരതീയഗവേഷകരുടെ വാദഗതികൾ അസംബന്ധങ്ങളാണ് എന്നു പറയുന്നവരാണ് ഇന്നത്തെ വളരെ ഭാരതീയർ. ഗവേഷകരിൽ പലരും പാശ്ചാത്യരാണെന്ന സത്യത്തിനു നേരെ പോലും അവർ കണ്ണടക്കും.

ഇത്തരത്തിൽ ആഴത്തിൽ മാനസികാടിമത്തമുള്ള ഒരു ജനത ലോകത്ത് വേറേങ്ങുമുണ്ടാവില്ല. “ഇന്ന് നമ്മളും നമ്മുടെ കുട്ടികളും, പാശ്ചാത്യർ കണ്ടു പിടിച്ചതാണെന്ന് പറഞ്ഞ് പലതും പഠിച്ചുകൊണ്ടിരിക്കെ, പല ശാസ്ത്രഗവേഷകരും, അതല്ല, അവയിൽ വളരെയധികം അവർ ഭാരതത്തിൽ നിന്ന് പഠിച്ച് തിരിച്ചു നമ്മളെ പഠിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ. അങ്ങിനെയെങ്കിൽ എന്തൊരു മഹദ് സംസ്കാരമായിരുന്നു നമ്മുടേത്! എങ്കിലും ഇത് മേനി പറയാൻ ഭാരതീയർക്കുള്ള താല്പര്യം കൊണ്ട് അവർ കെട്ടിച്ചമക്കുന്നതായിരിക്കുമോ. എങ്കിലും ഒന്നു വായിച്ചു നോക്കാം. അത് സത്യമായിരിക്കട്ടെ.” എന്നെങ്കിലും എല്ലാ സാംസ്കാരികാഭിമാനികളും ആഗ്രഹിക്കില്ലേ! അതു പോലും നമുക്കില്ല. 

പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ, ഭാരതീയ ദർശനത്തിന്റെ പഴക്കവും, പ്രാമാണ്യവും വിശകലനം ചെയ്ത്, “ഓ അതു ശരി, എങ്കിൽ ഞാനും ചിലതൊക്കെ വായിച്ചു നോക്കട്ടെ” എന്ന തോന്നൽ, എല്ലാവരിലും ഉളവാക്കുക എന്നതാണീ ലേഖനത്തിന്റെ ഉദ്ദേശ്യം.

സംസ്കാരങ്ങളുടെ തുടർച്ച


ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ന് നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്, ലോകത്തിലെ മിക്ക സംസ്കാരങ്ങളും ഒറ്റപ്പെട്ടതായിരുന്നില്ല, എന്നാൽ ഒരു തുടർച്ചയുടെ ഭാഗമായിരുന്നു എന്നാണ്. ഇവയിൽ പലതിന്റെയും പഴക്കം പോലും ഇത്രയും സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടും കൃത്യമായി തീരുമാനിക്കാൻ പറ്റിയിട്ടില്ല. ഉദാഹരണമായി ഹാരപ്പൻ സംസ്കാരം ഉദ്ദേശം 7000 കൊല്ലം പഴക്കമുള്ളതാണെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ടെങ്കിലും ഇന്നും തീർച്ച പറയാറായിട്ടില്ല. ഹാരപ്പയിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ള ലിഖിതങ്ങൾ, മറ്റു സ്ഥലങ്ങളിലെ ലിഖിതങ്ങളെപ്പോലെ എളുപ്പം വിശകലനം (ഡെസിഫർ) ചെയ്യാവുന്നതല്ല. ഈ ദിവസം വരെ അതാർക്കും മനസ്സിലായിട്ടുമില്ല. ഭാവിയിൽ അതും കൂടി മനസ്സിലാക്കിയാൽ, നമ്മുടെ പഴയകാല ലോകത്തെപ്പറ്റിയുള്ള ധാരണകൾ പാടേ തിരുത്തി എഴുതിയേക്കാം.

വയനാട്ടിലെ ഇടക്കൽ ഗുഹകളിൽ നിന്നും സിന്ധുനദീ തട സംസ്കാരവുമായി (https://en.wikipedia.org/wiki/Edakkal_Caves) ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ കിട്ടിയിട്ടുണ്ട്. 5000 വർഷങ്ങൾക്കു മുൻപ്, എങ്ങിനെ ഇത്ര അകലങ്ങളിലുള്ള സ്ഥലങ്ങൾ തമ്മിൽ ഇത്ര ഗാഢമായ ബന്ധം വന്നു. വെറുതെ തപാലിൽ ഒരു കത്തയക്കുന്നതുപോലെയല്ല ഇത്. അവിടെയുള്ള കൊത്തുവേലകൾ പോലെയും അവിടെയുള്ള കലങ്ങളും, കുടങ്ങളും, മുദ്രകളും പോലെയുള്ളവ ഇവിടെയും കാണപ്പെടുന്നു. ഇന്നത്തെ പാകിസ്ഥാൻ മുതൽ വയനാടു വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു സംസ്കാരമായിരുന്നോ ഇത്? ഇന്നത്തെ പോലെയോ അതിലും വേഗതയുള്ളതോ ആയ യാത്രാ മാർഗ്ഗങ്ങൾ (വിമാനം പോലെ) അന്നുണ്ടായിരുന്നോ?. ഇങ്ങിനെ പല ഗഹനമായ ചോദ്യങ്ങളും നമ്മുടെ മുഖത്തു തുറിച്ചു നോക്കുകയാണ്.

തൃശൂർ തലപ്പിള്ളി താലൂക്കിലും ഇതുപോലെ തന്നെ ഹാരപ്പൻ സംസ്കാരമുദ്രകൾ കിട്ടിയിരുന്നു. ഇന്നത്തെ പാകിസ്ഥാനിലുള്ള ഹാരപ്പൻ സംസ്കാരത്തിന് അതേ കാലഘട്ടത്തിൽ തന്നെ കേരളത്തിലും തുടർച്ചകൾ ഉണ്ടായിരുന്നു എന്നുള്ളത് അത്ഭുതാവഹവും അവിശ്വസനീയവുമായി തോന്നാം. എന്നാൽ ആധുനിക ഭൗമശാസ്ത്രപഠനഫലങ്ങൾ, ഇതിനുള്ള സാദ്ധ്യതകൾ തുറന്നു കാട്ടുന്നു.


ടെതിസ് സമുദ്രം

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കോടി വർഷങ്ങൾക്കു മുൻപ് ഭൂമി എങ്ങിനെയായിരുന്നു എന്ന് വലിയൊരു പരിധി വരെ മനസ്സിലാക്കാൻ ഇന്ന് നമുക്കു സാധിക്കും. ഇനിയും പുതിയ ശാസ്ത്രീയ ഉപകരണങ്ങളും സംവിധാനങ്ങളും വരുന്ന മുറക്ക്, പഴയ അറിവുകൾ തകിടം മറിയുകയും ചെയ്യാം. ഉദ്ദേശം 250 ലക്ഷം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നൊരു സമുദ്രമാണ് ടെതിസ് സമുദ്രം (ചിത്രം -1). അന്നത്തെ ഭൂഖണ്ഡങ്ങളുടെ ഏകദേശ വിന്യാസം ഇതിൽ വ്യക്തമാണ്. അന്ന്, ഇന്നത്തെ ഭാരതം ദക്ഷിണധ്രുവത്തിനു സമീപമായിരുന്നു. ഇന്നത്തെ ടിബറ്റ് ഉത്തരധ്രുവത്തിനു സമീപവും. ഇതിന്റെ രണ്ടിന്റെയും നടുക്കു വിസ്ത്രൃതമായി കിടന്നിരുന്ന സാഗരമായിരുന്നു ടെതിസ്. ഇന്ന് ഭൗമശാസ്ത്രജ്ഞന്മാർക്കറിയാം ഹിമാലയം അന്ന് ടെതിസ് സമുദ്രമായിരുന്നു (!) 

എന്നും, ആ മഹാ പർവ്വതം ഈ സമുദ്രത്തിൽ നിന്നും ഉയർന്നു വന്നതാണെന്നും, ഇന്നും ഈ മഹാമേരു വർഷം തോറും ഏതാനും മില്ലിമീറ്റർ വളർന്നുകൊണ്ടിരിക്കുകയാണെന്നും.

തെക്കേ ധ്രുവത്തിനടുത്തുനിന്ന് ഗൊണ്ട്വാനയും ഇന്ത്യയും വടക്കോട്ട് വർഷങ്ങളിലൂടെ ടെതിസ് സമുദ്രത്തിലൂടെ നീങ്ങി, ടിബറ്റും മറ്റും നിലകൊള്ളുന്ന സിമ്മറിയാൻ ഒറൊജെനിൽ ചെന്ന് ഇടിച്ച്, പിന്നെയും പിന്നെയും തള്ളിത്തള്ളി നടുക്കുള്ള സമുദ്രാന്തർഗ്ഗതമായ ഭൂമിയെ പൊക്കിപ്പൊക്കിയാണ് ഇന്നത്തെ നിലയിലുള്ള ഹിമാലയത്തെ സൃഷ്ടിച്ചത്!


ചിത്രം - 1

ഇന്നത്തെ ഭാരതം, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ, ഇന്ത്യാ മഹാസമുദ്രം ഇവ അന്നത്തെ ടെതിസ് സമുദ്രം വ്യാപിച്ചിരുന്നതിൽ വളരെ തെക്കായി ഒരുഭാഗത്താണ് നില കൊണ്ടിരുന്നത്.  അതേ സമയം ടർക്കി, ഇറാക്, ടിബറ്റ്, എന്നിവ അന്നത്തെ സിമ്മെറിയയിലും. ഒരു കാലത്ത് ടെതിസ് കടലിന്റെ പടിഞ്ഞാറെ കയ്യാണ് ഇന്നത്തെ മെഡിറ്ററേനിയൻ കടലിന്റെ മുത്തച്ഛൻ. കരിങ്കടൽ, കാസ്പിയൻ കടൽ എന്നിവ മറ്റവശിഷ്ടങ്ങളിൽ പെടുന്നു. ടെതിസ് കടലിന്റെ അടിവാരം മിക്കവാറും സിമ്മെറിയയുടെയും ലൗറേഷ്യയുടെയും അടിയിൽ അപ്രത്യക്ഷമായി. എഡ്വേഡ് സുയെസ്സിനെ പോലെയുള്ള ഭൗമശാസ്ത്രജ്ഞന്മാർ സമുദ്ര ജീവികളുടെ ഫോസ്സിലുകൾ, ഹിമാലയത്തിലെ പാറകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യൻ ഭൂഖണ്ഡ തട്ട്, മുകളിലേക്ക് തള്ളി ത്തള്ളി സിമ്മെറിയയിൽ ചെന്ന് കൂട്ടി ഇടിക്കുന്നതിനു മുൻപ് 


ചിത്രം - 2
സമുദ്രത്തിനടിയിലായിരുന്നെന്നതിനെ സൂചിപ്പിക്കുന്നു. ആഫ്രിക്കൻ ഭൗമ തട്ടുകളുടെ ഇത്തരം നീക്കമാണ് ആല്പ്സ് പർവ്വതങ്ങളുടെ രൂപീകരണത്തിന് കാരണം എന്നതിന് മേൽപറഞ്ഞതിനു സമാനമായ തെളിവുകൾ യൂറോപിന്റെ ആല്പൈൻ ഓറോഗെയിയിൽ കാണാം. ടെതിസ് സമുദ്രത്തിലെ കുമ്മായക്കല്ലുകളുടെ പല വികൃതികളും ഗ്രീസിലും ലെവന്റിലും ഇന്നും കാണാം.

ചിത്രം - 1 ൽ കാണുന്ന ഭൂമിയാണ് ഇന്ന് ചിത്രം - 2 ൽ കാണുന്ന രീതിയിൽ പരിണമിച്ചിരിക്കുന്നത്. ഇത്രയും ശാസ്ത്രം ഇവിടെ വിവരിച്ചത് ഒരു കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനായാണ്. തെക്ക് ഗൊണ്ട്വാനയും വടക്ക് സിമ്മെറിയയും നടുക്ക് ടെതിസ് നദിയും ലക്ഷക്കണക്കിനു വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്നു എന്നല്ലാതെ, അതിനിടക്ക്, എവിടെയെങ്കിലും അണുബോംബും, റോക്കറ്റും ഉപയോഗിക്കാൻ കഴിവുള്ള ഏതെങ്കിലും സംസ്കാരം നില നിന്നിരുന്നോ എന്ന് നമുക്കിന്നറിവില്ല. അന്നത്തെ ടെതിസ് സമുദ്രത്തിന്റെ നിരപ്പിലുണ്ടായിരുന്ന എന്തിന്റെയെങ്കിലും അവശിഷ്ടം കണ്ടു പിടിക്കണമെങ്കിൽ, ഇന്നത്തെ ഹിമാലയത്തിന്റെ അടിവാരം തോണ്ടണം. കാരണം ഇന്നത്തെ ഹിമാലയം മുഴുവനും അന്നത്തെ ടെതിസ് സമുദ്രത്തിനു കീഴെയായിരുന്നു. 

നടുക്ക് ഒരു ബന്ധമോ തുടർച്ചയോ അവശേഷിപ്പിക്കാതെ, ഇന്നത്തെ പാക്കിസ്ഥാനിലുള്ള ഹാരപ്പയിലെ സംസ്കാരം ഇന്നത്തെ വയനാട്ടിലും ഉണ്ടായിരുന്നിരിക്കാം എന്നത് മുകളിലെ ചർച്ചയിൽ നിന്നും എന്റെ വായനക്കാർക്ക് മനസ്സിലായിരിക്കുമല്ലോ.

സമകാലികം

ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഭൗമ വിന്യാസത്തിൽ നിന്നും ഇന്നത്തെ ഭാരത്തിലേക്ക് നമുക്ക് പറന്നു വരാം. എന്താണിന്നത്തെ ഭാരതത്തിന്റെ അവസ്ഥ? ഏതൊരു ജനപദവും നില നിന്നിരുന്നത്, അവരുടെ നിലനിൽപ്പിനാവശ്യമായ കാർഷിക വൃത്തികളിലൂടെയും, ശാസ്ത്ര കലാ വൃത്തികളിലൂടെയും, തലമുറകളുടെ തുടർച്ചയെ ഇവ അഭ്യസിപ്പിക്കുന്നതിലൂടെയുമാണ്. ഭാരതത്തിൽ ഇന്നത്തെ കാർഷികവൃത്തിയുടെ അവസ്ഥ എന്താണ്? കൃഷി മുഴുവൻ വിഷമയം. വിത്തുകൾ മുഴുവൻ ജനിതക വൈകൃതം. ശാസ്ത്രമോ. പതിനാലാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ യൂറോപ്പിൽ നടന്ന കണ്ടുപിടുത്തങ്ങളുടെ പഠനവും പ്രയോഗവും. കലകളുടെ അവസ്ഥ അതിനെക്കാൾ വിചിത്രം. യുനെസ്കോ സംരക്ഷിക്കപ്പെടേണ്ടുന്ന പൈതൃകങ്ങളുടെ കൂട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും പുരാതനമാണ് കേരളത്തിന്റെ കൂടിയാട്ടം. ഭാരതത്തിലെ ഏതൊരു നൃത്ത സമ്പ്രദായമാകട്ടെ, സംഗീത സമ്പ്രദായമാകട്ടെ, ആസ്വദിക്കാൻ മനസ്സു മാത്രം പോരാ, ബുദ്ധിയും കൂടി വേണം. ഹിന്ദുസ്താനി, കർണ്ണാടകം എന്ന രണ്ട് വിഭാഗങ്ങളാണ് ഭാരതീയ സംഗീതത്തിൽ ഉള്ളത്. കേരളത്തിന്റെ സോപാന സംഗീതം പോലെ  പിന്നെയും അവാന്തരവിഭാഗങ്ങൽ പലതുണ്ടെങ്കിലും വളരെ ഗഹനവും സങ്കീർണ്ണവുമായ രാഗ താള വ്യവസ്ഥകളാൽ നിറഞ്ഞു തുളുമ്പുന്ന രണ്ടു സമ്പ്രദായങ്ങൾ ഇവ മാത്രമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, മണിപുരി, ഒഡിസ്സി, എന്നിങ്ങിനെ അവാന്തരസംസ്കാരങ്ങളിൽ നിറഞ്ഞ വിവിധ നൃത്ത സമ്പ്രദായങ്ങളും ബുദ്ധി-മന സമ്മേളനത്തിലൂടെ മാത്രം അനുഭവിക്കാൻ കഴിയുന്നവ. എന്നാൽ, ഇന്നത്തെ തലമുറക്ക് ഈ സംഗീത സമ്പ്രദായങ്ങളിലും നൃത്ത സമ്പ്രദായങ്ങളിലും ഏതെങ്കിലും ഒന്നാസ്വദിക്കാൻ കഴിയുന്നതാണോ?

കാർഷിക, ശാസ്ത്ര, കലാ വ്യവസ്ഥകൾ എന്തുമാകട്ടെ, അവയെ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായവും ഉണ്ടാവണം. ആധുനിക ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം എന്താണ്? ഭാരതത്തിന്റെ ഏതു കോണിൽ ജനിച്ച, ആണോ പെണ്ണോ ആവട്ടെ, ബൗദ്ധിക നിലവാരം എന്തുമാവട്ടെ,  മാനസിക താല്പര്യങ്ങളോ പാരമ്പര്യ വൈഭവം എന്തുമാവട്ടെ, അഞ്ചാം വയസ്സു മുതൽ, പതിനഞ്ചാം വയസുവരെ, നിശ്ചിത അളവിൽ, ഊർജ്ജതന്ത്രം (ഫിസിക്സ്), രസതന്ത്രം (കെമിസ്ട്രി), ഗണിതം (മാത്തമാറ്റിക്സ്), ആംഗലഭാഷയോടൊപ്പം അതതു സംസ്ഥാനത്തിന്റെ നിയമമനുസരിച്ച് ഒന്നോ രണ്ടോ അധിക ഭാഷകൾ, എന്നിവ ഒരേ അളവിൽ എല്ലാവരും അഭ്യസിക്കണം!! 

വർഷങ്ങൾക്ക് മുൻപ് ഈ മൂന്നു തലങ്ങളിലും, അതായത്, സ്വന്തം നിലനിൽപ്പിനാവശ്യമായ കാർഷിക വൃത്തികളും, ശാസ്ത്ര കലാ വൃത്തികളും, തലമുറകളുടെ തുടർച്ചയെ ഇവ അഭ്യസിപ്പിക്കുന്ന രീതികളും എന്തായിരുന്നു എന്ന് പരിശോധിക്കാം.

ദർശന വികലീകരണം

ഇത്തരം ശാസ്ത്രീയ വിശകലനങ്ങളിൽ, നാം വളരെ പരിമിതികൾക്ക് വിധേയരാണ്. വാസ്തവത്തിൽ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് എന്തായിരുന്നു അവസ്ഥ എന്ന് നമുക്കറിയാൻ വയ്യ. നമുക്കു ലഭ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എന്തായിരുന്നിരിക്കാം അന്നത്തെ അവസ്ഥ എന്നു മാത്രമേ നമുക്കറിയാവൂ.
പ്രാചീന ഭാരതീയരുടെ ശാസ്ത്രജ്ഞാനത്തെ പറ്റി അറിയണമെങ്കിൽ, ചരിത്രം പരിശോധിക്കണം. ഭാരതീയ ചരിത്രത്തിന് യൂറോപ്യൻ അധിനിവേശം കൊണ്ട് വലിയ അപച്യുതി സംഭവിച്ചു. വേദങ്ങൾ, പുരാണങ്ങൾ, തുടങ്ങിയവ അവരുടെ നിർവ്വചനമനുസരിച്ച് ചരിത്രമായിരുന്നില്ല, മറിച്ച് പുരാണങ്ങൾ (മിത്) ആയിരുന്നു. ചരിത്രം എങ്ങിനെയൊക്കെ എഴുതാം എഴുതണം എന്നെല്ലാം ആ ബുദ്ധിരാക്ഷസന്മാർ മരഞ്ചാടിക്കുരങ്ങന്മാരുടെ തുടർച്ചയായ നമ്മെ പഠിപ്പിച്ചു! അങ്ങിനെ അവരെഴുതിയ ചരിത്രത്തിന്റെ ഭാഗമായിരുന്നു ആര്യൻ അധിനിവേശം. ഇറാനിയൻ പ്രദേശങ്ങലിൽ നിന്ന് ഭാരതത്തെ ആക്രമിച്ച്, ഇവിടെയുള്ള ദ്രാവിഡന്മാരെ തെക്കോട്ടു തുരത്തി, അധിനിവേശം സ്ഥാപിച്ച ആര്യന്മാരാണത്രെ വേദങ്ങളും പുരാണങ്ങളും എഴുതിയത്. ചുരുക്കത്തിൽ, ഭാരതത്തിലെ തനത് വംശജരെല്ലാം മരഞ്ചാടിക്കുരന്മാരും യാതൊരു വിധ ശാസ്ത്രജ്ഞാനവും ഇല്ലാത്തവരും ആയിരുന്നു. ഇതിനൊരു ഭയങ്കരമായ പരിണിതഫലമുണ്ടായി. വേദങ്ങളും പുരാണങ്ങളും മിത്തുകളായിരുന്നു, അതു മുഴുവൻ കഥകളാണ് ചരിത്രമായിരുന്നില്ല എന്നു പറഞ്ഞു വച്ചപ്പോൾ ത്തന്നെ ആധുനിക ശാസ്ത്രീയ യുഗത്തിൽ അവയെ തള്ളിപ്പറയാം. ഇനി അതെല്ലാം പ്രാചീന രചനാ സങ്കേതങ്ങൾ അവലംബിച്ചെഴുതിയ ചരിത്രം തന്നെയായിരുന്നു എന്ന് ഏതെല്ലാം വിധത്തിൽ തെളിയിച്ചാലും, അതു മുഴുവൻ എഴുതിയ ശാസ്ത്രജ്ഞർ ഭാരത്തിൽ ഉദ്ഭവിച്ച വംശജരല്ല, മറിച്ച് പുറത്തു നിന്ന് നമ്മെ ആക്രമിച്ച് കീഴടക്കിയ ആര്യന്മാരാണ് എന്നും വന്നു ചേർന്നു. ഇതു രണ്ടും, നമ്മുടെ പുരാതന സാഹിത്യം മിത്തായിരുന്നു ശാസ്ത്രമല്ല എന്ന സിദ്ധാന്തവും, അവയെഴുതിയത് പുറത്തുനിന്ന് ആക്രമിച്ച് വന്ന ആര്യന്മാരണെന്ന സിദ്ധാന്തവും, ഇന്ന് പാടേ തകർക്കപ്പെട്ടിരിക്കയാണ്. 
എസ്റ്റോണിയൻ ബയോ സെന്ററിലെ  പ്രൊ. റിചാർഡ് വില്ലെംസ് എന്ന പണ്ഡിതൻ എഴുതുന്നു: ഭാരതത്തിൽ അധികം പ്രചാരമുള്ള ചരിത്രപുസ്തകമായ ‘ഇന്ത്യ എന്ന അത്ഭുതം’ (A. L. Basham, The Wonder that was India. London: Sidgwick & Jackson, 1967, ISBN 0-28399-257-3) എന്ന പുസ്തകത്തിൽ ബാഷം ഇങ്ങിനെ എഴുതുന്നു. 
“ആക്രമിച്ചു കയറിയ, മിക്കവാറും അലഞ്ഞുനടക്കുന്നവരും കാടന്മാരും, ഉയരമുള്ളവരും, കുതിരകളെ മെരുക്കിയവരും, കൃഷിക്കാരുമായ, ആര്യന്മാർ കൂട്ടമായി കിഴക്കോട്ട് തദ്ദേശ സമൂഹങ്ങളെ ആക്രമിച്ചു കീഴടക്കുകയും, വിവാഹബന്ധങ്ങളിലൂടെ ഭരണവർഗ്ഗത്തെ സൃഷ്ടിക്കുകയും ചെയ്തു. അവരോടൊപ്പം അവരുടെ പിതൃദായക്രമവും, ആകാശ ദൈവങ്ങളെ ആരാധിക്കുന്ന വ്യവസ്ഥയും കൊണ്ടുവന്നു.” ബാഷത്തിന്റെ നിരാശാജനകവും, കാലഹരണപ്പെട്ടതുമായ ഈ പുസ്തകമാണ് ഇന്നും ഭാരതത്തിലെ മിക്ക കലാശാലകളിലും ഉപയോഗിക്കപ്പെടുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ തുടക്കമിട്ട ആന്ത്രപോളജി, ആന്ത്രോപോമെട്രി, കാനിയോമെട്രി, ഫ്രെനോളജി, തുടങ്ങിയ ശാസ്ത്രവിഭാഗങ്ങൾ അന്നത്തെ രീതിക്കനുസരിച്ച് വംശീയമായ ധാരണകളിൽ അധിഷ്ഠിതമായിരുന്നു. ഉദാഹരണമായി 18 ആം നൂറ്റാണ്ടിലെ റിസ്ലി എന്ന കൊളോണിയൽ ഉദ്യോഗസ്ഥൻ മൂക്കിന്റെ ഇൻഡക്സ് ഉപയോഗിച്ച് 43 വംശങ്ങളിലായി 2378 ജാതികളെ വിവരിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അബദ്ധജടിലമായ ഇത്തരം വംശീയ നിർവ്വചങ്ങൾ തകർന്നടിഞ്ഞത്. (Michael Danino, “Genetics and the Aryan Debate,” Puratattva, no. 36, 2005–06, pp. 146–154, http://archaeologyonline.net/ artifacts/genetics-aryan-debate. നോക്കുക)

നിർഭാഗ്യവശാൽ, ഭാരതത്തിനു സ്വന്തമല്ലാത്ത ബ്രിട്ടീഷ് ഇമ്പീരിയലിസത്തിന്റെയും, ക്രൈസ്തവ, ഇസ്ലാമിക സ്വാധീനങ്ങൾ ഇന്നും നമ്മുടെ ചരിത്രരചനയിലും അഭ്യസനത്തിലും അവശേഷിക്കുന്നു. നിരവധി കുതന്ത്രങ്ങൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഈ അടിമത്വം നമ്മിൽ സൃഷ്ടിച്ചത്.
  • ബ്രിടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥ കയ്യടക്കി.
  • ആര്യൻ അധിനിവേശ സിദ്ധാന്തം (വേദകാല മനുഷ്യർ, സാഹിത്യം, സംസ്കാരം, ഇവയെല്ലാം ഭാരതത്തിനു പുറത്തുനിന്നു വന്നതാണെന്നത്)
  • വേദങ്ങളിലും, വേദകാല സാഹിത്യത്തിലും തെളിഞ്ഞ വിജ്ഞാനത്തിന്റെയും, ചരിത്രത്തിന്റെയും മഹാസാഗരം, ഭാരതത്തിനു പുറത്തുനിന്നു വന്നതതാണെന്ന് പ്രചരിപ്പിച്ച് അവഹേളിക്കുകയും അവയിൽ ഭാരതീയനുണ്ടായിരുന്ന അഭിമാനം തച്ചുടക്കുകയും.
  • ക്രിസ്തീയ പാഠ്യ സമ്പ്രദായം മേന്മകൂടിയതണെന്ന് ബോധിപ്പിച്ച് അടിച്ചേൽപ്പിച്ച് സ്വന്തം സമ്പ്രദായങ്ങളിൽ അവജ്ഞ ജനിപ്പിക്കുക


ശാസ്ത്രജ്ഞാനവും ഗവേഷണങ്ങളും

അങ്ങിനെ ഭാരതീയരും ഭാരതീയ സംസ്കാരവും വളരെ പ്രാകൃതവും നിസ്സാരവുമായിരുന്നെങ്കിൽ പിന്നെ എങ്ങിനെ ഗണിതം വാനശാസ്ത്രം വൈദ്യം മുതലായ മറ്റനേകം ശാസ്ത്രശാഖകളിലേക്കും ഏറ്റവും പ്രാചീനവും ഗഹനവുമായ സംഭാവനകൾ നൽകുവാൻ ഭാരതത്തിനായി? ഈ സത്യങ്ങളെല്ലാം വളരെ പ്രചരിച്ചിട്ടുള്ളവയല്ലെങ്കിലും, വളരെ ശ്രദ്ധയോടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ്. ഈ തിരുത്തലിനു വേണ്ടി മുൻപു നടന്ന പല ശ്രമങ്ങളും ‘ഹൈന്ദവ വളച്ചൊടിക്കലുകൾ’ എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, ഇന്ന് സത്യാന്വേഷിയായ ഏതൊരു ഭാരതീയനും വിരൽത്തുമ്പത്ത് കിട്ടാവുന്ന പ്രബന്ധങ്ങളിൽ ഈ സത്യങ്ങൾ ലഭ്യമാണ്.

അബ്രഹാം സീഡൻബർഗ് എന്ന ഗണിത ചരിത്രകാരൻ “എല്ലാ പ്രാചീന ഗണിതശാസ്ത്രശാഖകൾക്കും പ്രചോദനം” എന്നാണ് വേദങ്ങളെ പറ്റി പറയുന്നത്. കൃസ്ത്യാനികളുടെ കാലഗണന അനുസരിച്ചുള്ള, ക്രി.മു.4004 ഒക്ടോബർ 23 എന്ന സൃഷ്ടിയുടെ തുടക്ക ദിനത്തിനും അനേകം വർഷങ്ങൾ മുൻപത്തെ കാര്യങ്ങളെ വേദങ്ങൾ വ്യവഹരിക്കുന്നുണ്ടെന്നതു തന്നെ, ബ്രിട്ടീഷുകാർക്ക് വേദങ്ങളെ ചരിത്ര പുസ്തകമായി അംഗീകരിക്കാൻ വിഷമമാക്കി. വേദങ്ങളിലെ അവിശ്വസനീയമായ വിവരണങ്ങൾ ആദ്യകാല ഇൻഡോളജിസ്റ്റ്സ് നും അവ ചരിത്ര വിവരണങ്ങളാണെന്ന് വിശ്വസിക്കാൻ വിഷമമാക്കിയെങ്കിലും, ബ്രിട്ടീഷ് ക്രിസ്ത്യാനികൾക്കും മാർഗ്ഗം കൂടിയ ഭാരതീയ ക്രിസ്ത്യാനികൾക്കും ഇവ വിശ്വസിക്കാൻ വിഷമാമായത് അതിലെ കുൽസിത ബുദ്ധി വ്യക്തമാക്കുന്നു. കാരണം ഇന്ന് ചരിത്രപുസ്തകമാണ് പുരാണമല്ല എന്ന് വിശ്വസിക്കുന്ന ബൈബിളിൽ പോലും ഇതുപോലുള്ള അവിശ്വസനീയമായ കാര്യങ്ങൾ വിവരിക്കുന്നുണ്ടെന്നത് തന്നെ.

യൂറോപ്യൻസ് എഴുതിവച്ച ആര്യൻ അധിനിവേശ സിദ്ധാന്തം അനുസരിച്ച് സംസ്കൃതം മദ്ധ്യയൂറോപിൽ എവിടെയോ ഉദ്ഭവിച്ച ഒരു ഭാഷയാണ്. മാക്സ് മുള്ളറുടെ അഭിപ്രായമനുസരിച്ച് (പിന്നീട് അദ്ദേഹം തന്നെ അതിനെ ശക്തിയായി തള്ളിപ്പറഞ്ഞിരുന്നു) വേദങ്ങൾക്ക് ക്രി.മു. 1300 വരെയേ പഴക്കമുള്ളു. കെന്നെത് കെന്നഡി, ജോൺ ലൂക്കാസ്, ബ്രിയാൻ ഹെമ്പ്ബിൽ എന്നി അമേരിക്കൻ ആന്ത്രോപോളജിസ്റ്റ്സിന്റെ ഗവേഷണങ്ങൾ ഈ രംഗത്ത്, പ്രത്യേക പ്രാധാന്യം അർഹിക്കുന്നവയാണ്. ക്രി.മു. 4500 നും 800 നും ഇടക്ക് എന്തെങ്കിലും ജനസംഖ്യാപരമായ വേർപിരിയൽ  (ഡിമോഗ്രാഫിക് ഡിസ്രപ്ഷൻ) ഉണ്ടായതിന്റെ ഒരു ലാഞ്ഛനപോലുമില്ലെന്ന നിശ്ചിതമായ കണ്ടുപിടുത്തത്തിന് മഞ്ഞപ്പിത്തക്കാരായ, വേദവിരോധികൾക്ക്, “എങ്കിൽ ചെറുതായ ഒരു ഒഴുക്ക്മാത്രമേ പുറമേ നിന്നും ഉണ്ടായിട്ടുണ്ടാവുകയുള്ളൂ” എന്നതായിരുന്നു ഉത്തരം. അവിടെയാണ് ഈ പാരന്പര്യവിരോധികൾ, 'ചെറുതായൊരു ഒഴുക്കിന്, ഭാരതത്തിലെ ഭാഷയെയും സംസ്കാരത്തെയും ഇങ്ങിനെ തകിടം മറിക്കുവാൻ കഴിയുമോ’ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ മിഴിച്ചത്.

പ്രത്യേക നക്ഷത്രവ്യൂഹങ്ങളെയും മറ്റും പറ്റി വേദങ്ങളിലുള്ള പരാമർശങ്ങൾ, ആധുനിക കന്പ്യൂട്ടറുകളുടെ സഹായത്തോടെ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ നിന്നും വേദങ്ങൾ ക്രിസ്തുവിനും 7000 വർഷങ്ങൾ മുൻപ് (ഇന്നേക്ക് 9000 വർഷങ്ങൾ) പഴക്കമുള്ളതാണെന്നും തെളിഞ്ഞിട്ടുണ്ട്. പരിസ്ഥിതി ഗവേഷണങ്ങളും, ശിലായുഗ കാലാവസ്ഥാ ഗവേഷണങ്ങളും ഇതിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു. (Saroj Bala and Kulbhushan Mishra, Historicity of Vedic and Ramayan Eras(New Delhi: Vision India Publications, 2012, ISBN No: 978-93-81391-02-0 നോക്കുക). 
സമുദ്രശാസ്ത്രപഠനത്തിന്റെ ഭാഗമായി ഫൊറമിനിഫെറ എന്ന മൈക്രൊ ഫോസ്സിലുകളിൽ നടത്തിയ പഠനഫലമായി ദ്വാരക, ധൊലവീര, ലൊതൽ, ഗൾഫ് ഒഫ് ഖംഫറ്റ് മുതലായ നഗരങ്ങൾ നിലനിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. (മുൻ പറഞ്ഞ റഫറൻസ് നോക്കുക). ആർകിയോളജിയുടെ ഭാഗമായ കാർബൺ ഡേറ്റിങ്ങിലൂടെ 2500 ലധികം സൈറ്റുകളിൽ  കണ്ടെത്തിയ യാഥാർത്ഥ്യങ്ങളാണ് ഭാരതത്തിൽ വികസിതമായ സംസ്കാരങ്ങൾക്ക് 9000 ത്തോളം വർഷം പഴക്കമുണ്ടെന്നത്. അതു തന്നെ നൂതനമായ ഡേറ്റിംഗ് മാർഗ്ഗങ്ങളായ Thermo Luminescence, Optically Stimulated Luminescence and Accelerator Mass Spectrometry മുതലായവയിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മെഹർഗാർ എന്ന ആർക്കിയോളജിക്കൽ സൈറ്റിൽ നടന്ന ഗവേഷണങ്ങൾ, ക്രി.മു. 7000 മുതൽ 2000 വരെ അഞ്ചിലധികം സാംസ്കാരിക തുടർച്ചകൾക്ക് തെളിവു കിട്ടിയിട്ടുണ്ട്. പാലിയൊ-ബൊടാണിക്കൽ (ചെടികളുടെ അവശിഷ്ടങ്ങൾ പരിശോധിച്ച് കാലപ്പഴക്കം തീരുമാനിക്കുന്ന ശാസ്ത്രം), ആർക്കിയൊ-ബൊടാണിക്കൽ എന്നീ ശാസ്ത്രശാഖകൾ ഉപയോഗിച്ച്, വേദങ്ങളിൽ വിവരിക്കുന്ന പല ഔഷധ സസ്യങ്ങളും ക്രി.മു. 8000 വർഷങ്ങളോളം പഴക്കമുള്ളവയാണെന്നു തെളിഞ്ഞിട്ടുണ്ട്. ഭാഷാശസ്ത്രപഠനങ്ങൾ, (വില്ലംസ്) ഭാരതത്തിലെ എല്ലാ ഭാഷകളും, (ദ്രാവിഡ ഭാഷകളടക്കം) ഒരേ മാതൃപാരന്പര്യത്തിലുള്ളവയാണെന്ന് തെളിഞ്ഞതോടെ ആര്യൻ അധിനിവേശവും തകർന്ന് തരിപ്പണമായി. ജെനോം പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്, ശിലായുഗം മുതൽ (ക്രി.മു. 60,000 വർഷം) തുടങ്ങുന്ന ഒരു ജീൻ പരന്പര ഭാരതത്തിലുണ്ടായിരുന്നു എന്നും, ഇനി ഒരു സാംസ്കാരിക അധിനിവേശമുണ്ടായിട്ടുണ്ടെങ്കിൽ പോലും അത്, കുറേശ്ശെ ഭാരതത്തിൽ നിന്നും പുറത്തേക്ക് മാത്രമായിരിക്കാമെന്നുമാണ്. മറ്റൊന്ന് ഭാരതത്തിൽ വേദകാലഘട്ടത്തിലുണ്ടായിരുന്നതും, ഇന്ന് പാശ്ചാത്യർ പോലും അംഗീകരിക്കുന്നതുമായ ജ്യോതിശ്ശാസ്ത്രമാണ് (ജ്യോതിഷമല്ല). മേട വിഷുവിന്റെയും, തുലാവിഷുവിന്റെയും ക്രമം കണ്ട് വിത്തു വിതക്കുവാനും കൊയ്യുവാനും തയ്യാറായ അന്നത്തെ ഭാരതീയരുടെ കണക്കു തന്നെയാണ് ഇന്നത്തെ ജ്യോതിശ്ശാസ്ത്രജ്ഞരും അംഗീകരിക്കുന്നത്. ആധുനിക കന്പ്യൂട്ടർവൽകൃത ജ്യോതിശ്ശസ്ത്ര പഠന മാർഗ്ഗങ്ങൾ, വേദങ്ങളിൽ പറഞ്ഞിട്ടുള്ള അൻപതോളം ഗ്രഹനിലകളുടെ സമയം കണ്ട് ശരിവച്ചിട്ടുണ്ട്. ഋഗ്വേദം 5-77-1,2 മേടത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെപ്പറ്റി പരാമർശമുണ്ട്. 53 സ്ഥലങ്ങളിൽ ഋഗ് വേദം അശ്വിനിയുടെ ഉദയത്തെ പ്രകീർത്തിക്കുന്നുണ്ട്.  ക്രി.മു. 6000 ത്തിൽ സരസ്വതിയടക്കം ഏഴു നദികൾ ശക്തമായി പ്രവഹിച്ചിരുന്നതായും ക്രി. മു. 2000 ത്തോടെ ടെക്ടോണിക് ഷിഫ്ട് മൂലം (ഭൂമിയുടെ അടിയിലുള്ള നീക്കം) ചിലവ  വരണ്ട് പോയതായും ഉപഗ്രഹ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് സെഡിമെന്റോളജി, ഹൈഡ്രോളജി, ഖനന വിവരം ഇവ മൂലം തീർച്ചപ്പെടുത്തിയിട്ടുള്ളതുമാണ്. ഉദ്ദേശം ക്രി.മു. 1900 ത്തിൽ വർണ്ടുപോയ സരസ്വതി നദി ഹിമാലയത്തിൽ നിന്നുത്ഭവിച്ച് റാൺ ഒഫ് കച്ചിൽ ചെന്നു ചേർന്നിരുന്നതായി ആർക്കിയോളജിസ്റ്റ്സും പാലിയോ-ഹൈഡ്രോളജിസ്റ്റ്സും കണ്ടെത്തിയിട്ടുണ്ട്. 
ഇങ്ങിനെ ഏതൊക്കെ വിധത്തിൽ നോക്കിയാലും, ഭാരതം മുഴുവനും 10,000 വർഷങ്ങളോളം മുൻപു തന്നെ അധിനിവേശത്തിനുവേണ്ടി കൃത്രിമമായി സൃഷ്ടിച്ച ആര്യ ദ്രാവിഡ വ്യത്യാസമോ, ആര്യൻ അധിനിവേശമോ ഇല്ലാതെ, ഈ ഭൂമിയിൽത്തന്നെ 50,000 വർഷങ്ങളോളം മുൻപു മുതൽ തുടർന്നിരുന്ന സംസ്കാരമാണ് നിലനിന്നിരുന്നത്.

ചിലർ ചോദിക്കാറുണ്ട് ആൾക്കുരങ്ങ് പരിണമിച്ച് മനുഷ്യരൂപമെടുത്തിട്ട് ഇത്രയും വർഷങ്ങളായില്ലല്ലോ എന്ന്. മുകളിൽ ടെതിസ് സമുദ്രം അപ്രത്യക്ഷമായ കഥ ഞാൻ വിവരിച്ചിട്ടുണ്ട്. അത്രയുമല്ല, ഇന്ന് ഒരു ഭയങ്കര ഭൂപ്രതലവിന്യാസ വിപ്ലവവും, അഗ്നിപർവ്വത സ്ഫോടനങ്ങളും, സമുദ്രാഘാതവും കൊണ്ട് ഇന്നത്തെ സംസ്കാരം അപ്പാടെ അപ്രത്യക്ഷമാവുകയാണെന്നു വക്കുക. പിന്നീട് വീണ്ടും സമുദ്രത്തിൽ ബാക്ടീരിയകളും, മൽസ്യങ്ങളും, ആമകളും ആയി ആവിർഭവിച്ച്, ഇന്നത്തെ ശാസ്ത്രം പറയുന്നതുപോലെ പരിണമിച്ച് ഇന്നത്തെ അവസ്ഥയിൽ എത്തിയാൽ, അവർക്കറിയാൻ കഴിയുമോ ഇത്രയും വർഷങ്ങൾക്ക് മുൻപ് ആണവ ശക്തിയാർജ്ജിച്ചിരുന്നൊരു സംസ്കാരം ഉണ്ടായിരുന്നെന്ന്?
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ, 5000 വർഷങ്ങൾക്കു മുൻപുതന്നെ നീളവും തൂക്കവും കൃത്യമായി ഗണിച്ചിരുന്നവരാണ് ഹാരപ്പൻ നിവാസികൾ. ‘ഇൻഡസ് സ്കേൽ’ എന്നറിയപ്പെട്ടിരുന്ന ഒരു നീളത്തിന്റെ മൂല്യം അന്നുണ്ടായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് കെട്ടിടങ്ങളും നിർമ്മിച്ചിരുന്ന ഇവരുടെ ഇഷ്ടികകൾ എല്ലാം ഒരേ നീളം:വീതി:കനം അനുപാതത്തിലായിരുന്നു. 4:2:1 എന്നതായിരുന്നു അവരുടെ ഇഷ്ടികകളുടെ അളവ്. ഒരൊറ്റ ഇഷ്ടിക വ്യത്യാസമില്ലാതെ ഹാരപ്പയിലെ എല്ലാ ഇഷ്ടികകളും ഈ അളവിലായിരുന്നു എന്നതും, ഇന്നും ഇഷ്ടിക കെട്ടുറപ്പോടെ നിൽക്കുന്നതിന് ഇതേ അനുപാതം തന്നെയാണ് അവലംബിക്കുന്നത് എന്നതും ഭാരതീയരുടെ വേദകാല ഗണിത ജ്ഞാനത്തിലേക്കു മാത്രമല്ല, സിവിൽ എഞ്ചിനീയറിങ് പ്രാവീണ്യത്തിലേക്കും വിരൽ ചൂണ്ടുന്നു. ഭാരതീയ സംഖ്യാഗണിതം കന്പോഡിയയിലേക്കും ജാവയിലേക്കും പണ്ടേ തന്നെ വ്യാപിച്ചിരുന്നു എന്നത്, കർണ്ണാടകയിലെയും, കന്പോഡിയയിലേയും സഹസ്രലിംഗങ്ങളുമായി കൂട്ടിവായിച്ചാൽ നാം അന്പരക്കും! 66.2 മി.മീ നീളമുള്ള ഷെല്ലുകൾ തുല്യ ദൂരത്തിൽ ഒൻപതു ഖണ്ഡങ്ങളായി അടയാളപ്പെടുത്തിയ സ്കെയിലുകൾ മൊഹഞ്ചദാരോവിലും ഹാരപ്പയിലും കണ്ടെത്തിയിട്ടുണ്ട്.
അഗ്നിചയം നടത്തുന്നതിനുള്ള യാഗശാലകൾ നിർമ്മിക്കുന്നതിനുള്ള ക്ഷേത്രഗണിതം (ജ്യോമട്രി) 3000 വർഷം പഴക്കമുള്ള ശതപഥബ്രാഹ്മണങ്ങളിൽ ലഭ്യമാണ്
ലേഖനത്തിന്റെ ദൈർഘ്യം ചുരുക്കുന്നതിനായി നമ്മുടെ തനതു ശാസ്ത്രജ്ഞാനത്തിന്റെ അടുത്തകാലത്തുള്ള ചില താരതമ്യങ്ങൾ കാണിച്ച് അവസാനിപ്പിക്കാം.

വിഷയം

ആദ്യമായി ഉപയോഗിച്ചത്

ആവർത്തിക്കുകയോ ഉപയോഗിക്കുകയോ ചെയ്തവർ

വൃത്തത്തിന്റെ കോർഡ് ഗണിക്കുന്നതിനുള്ള വഴി ടോളമി .ഡി. 150 ഇസ്ലാമിക ഗണിത വിദഗ്ധർ
24 സൈൻ വിലകൾ നിർണ്ണയിക്കുന്നതിനുള്ള വഴി ആര്യഭട്ട .ഡി. 499 റെജ്യോമൊണ്ടാനസ് 1533
റേഡിയൻ അളവ്
ആര്യഭട്ട .ഡി. 499
(ഹിപ്പാർക്കസ് 150 ബി.സി.?)
യൂറോപ്യൻ ഗണിതവിദഗ്ധർ .ഡി. 19 ആം നൂറ്റാണ്ട്
സ്ക്വയർ ക്യൂബ് റൂട്ടുകളുടെ നിർണ്ണയം ആര്യഭട്ട .ഡി. 499
ഇസ്ലാമിക ഗണിത വിദഗ്ധർ
10 ആം നൂറ്റാണ്ട്
ആൾജിബ്രായിലെ ഫൈനൈറ്റ് സീരീസടക്കമുള്ളവയുടെ സമ്മേഷൻ മാർഗ്ഗങ്ങൾ
ആര്യഭട്ട .ഡി. 499
(ആർക്കിമെഡിസും ഡയോഫാന്റസും)
ഇറ്റാലിയൻ ഗണിതശാസ്ത്രത്തിലെ ബൊംബെല്ലി. 16 ആം നൂറ്റാണ്ട്
പൂജ്യം അക്കമെന്ന നിലയിലും സ്ഥാനമൂല്യത്തിലും നന്പർ സിസ്റ്റത്തിൽ ഭാരതീയർ .ഡി. 6 ആം നൂറ്റാണ്ട് അൽ ഖാവിരിസ്മി 9 ആം നൂറ്റാണ്ട്
ഭിന്ന (അംശ) സംഖ്യകളുടെ പൊതു ഗണിതം
ഭാസ്കര
.ഡി. 600
ഇസ്ലാമിക ഗണിത വിദഗ്ധർ
9 ആം നൂറ്റാണ്ട്
ചതുരങ്ങളുടെ വ്യത്യാസങ്ങൾ ഉൾക്കൊള്ളുന്ന പ്രൈം ഫാക്ടറൈസിങ് രീത് നാരായണ .ഡി. 1356 ഫെർമാറ്റ് 17 ആം നൂറ്റാണ്ട്
പൂജ്യം ഉൾക്കൊള്ളുന്ന ഗണിതം ബ്രഹ്മഗുപ്ത .ഡി. 7 ആം നൂറ്റാണ്ട്
അറബി ഗണിതം 9 ആം നൂറ്റാണ്ട്
യൂറോപ്യൻ ഗണിതം 13 ആം നൂറ്റാണ്ട്
സൈനിന്റെയും കൊസൈനിന്റെയും ഡെറിവേറ്റീവ്സ് ഉൾക്കൊള്ളുന്ന കാൽക്കുലസ് ഗണിതം ഭാസ്കര 2 .ഡി. 12 ആം നൂറ്റാണ്ട്
റിനൈസൻസ് ഗണിതം 
17ഉം 18ഉം നൂറ്റാണ്ടുകൾ
കണ്ടിന്യൂട് ഫ്രാക്ഷൻ ഫോരുമുല ഭാസ്കര 2 .ഡി. 12 ആം നൂറ്റാണ്ട് ജോൺ വല്ലിസ് 1655
(Source of the above table: “The Crest of the Peacock - non European roots of mathematics” by George Joseph, Princeton University Press ISBN 978-0-691-13526-7)


വിദ്യാഭ്യാസം

ഭാരതത്തിലെ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്റെ വായനക്കാർക്കെല്ലാം സാമാന്യ അറിവുള്ളതുകൊണ്ട്, അതു വിവരിക്കാതെ പ്രാചീന ഭാരതത്തിലെ അവസ്ഥ എന്തായിരുന്നു എന്നു നോക്കാം. അന്നത്തെ രീതിയുടെ ചില പ്രത്യേകതകൾ തഴെ കൊടുക്കുന്നു.

  1. പാഠ്യവിഷയങ്ങൾ, ദക്ഷിണ, പഠനത്തിന്റെ കാലയളവ് എന്നിങ്ങിനെ ഒന്നിലും ഭരണകൂടം ഇടപെട്ടിരുന്നില്ല.
  2. പൂർണ്ണമായും കൂടെ താമസിച്ചുള്ള പഠനരീതിയായിരുന്നു അന്ന്. ഗുരുഗൃഹത്തിൽ താമസിച്ച്, അദ്ദേഹം പറഞ്ഞുകൊടുക്കുന്നവ പഠിക്കുന്നതു കൂടാതെ, വിവിധസന്ദർഭങ്ങളോട് അദ്ദേഹം എങ്ങിനെ പ്രതികരിച്ചിരുന്നു എന്ന് കണ്ട് പഠിക്കുന്നതുകൂടി ശിഷ്യന്റെ ചുമതലയായിരുന്നു.
  3. ഗുരുശിഷ്യബന്ധം വിശിഷ്ടമായിരുന്നു. ഓരോ ശിഷ്യനും ഗുരുവിനെ പ്രത്യേകം കണ്ട് ഗുരു തീരുമാനിക്കുന്ന വിഷയങ്ങൾ പഠിച്ചിരുന്നു.
  4. ശിഷ്യന്റെ ഭക്ഷണം, വസ്ത്രം മുതലായ പ്രാഥമികാവശ്യങ്ങൾ നടത്തുന്നതുമാത്രമല്ല, വിദ്യാഭ്യാസവും സൗജന്യമായിരുന്നു.
  5. ഗുരുവിന്റെ ഗൃഹത്തിലെ ദൈനനദിന കാര്യങ്ങളിൽ ഗുരുവിനെയും ഗുരുപത്നിയെയും സഹായിക്കുന്നതും ശിഷ്യന്റെ ചുമതലയായിരുന്നു.
  6. ആധുനിക സെമിനാറിനുസമമായ സംഘം ചേർന്നുള്ള ചർച്ചകൾ പഠനത്തിന്റെ പ്രധാനമായൊരു ഉപാധിയായിരുന്നു.


ഉദ്ദേശം അഞ്ചാം വയസ്സിൽ ഉപനയനം കഴിച്ചാണ് അന്ന് ഒരു ബ്രഹ്മചാരി, ഗുരുഗൃഹത്തിലേക്ക് ഗമിച്ചിരുന്നത്. അന്നത്തെ സ്ത്രീകളും വളരെ ഉന്നത വിദ്യാഭ്യാസം കൈവരിച്ചിരുന്നു. ഘോഷ, അപല, ലോപാമുദ്ര, ഇന്ദ്രാണി, മൈത്രേയി, ഗാർഗ്ഗി എന്നിങ്ങിനെ അനേകം വിദുഷികളെ വേദങ്ങൾ ഉദ്ഘോഷിക്കുന്നു. 
വേദം, വേദാംഗം (ശിക്ഷ, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം, കല്പം), ഉപനിഷദ്, ദർശനങ്ങൾ (ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം), പുരാണങ്ങൾ, ഉപപുരാണങ്ങൾ തുടങ്ങിയവയായിരുന്നു പാഠ്യവിഷയങ്ങൾ. ഇവക്കു പുറമേ ധർമ്മശാസ്ത്രം, ശില്പശാസ്ത്രം, വാസ്തുവിദ്യ, ഗണിതം, ധനുർവിദ്യ മുതലായവയും അഭ്യസിപ്പിച്ചിരുന്നു.
ഹൃദിസ്ഥമാക്കൽ, തർക്കം, ശ്രവണമനനനിധിദ്ധ്യാസങ്ങൾ, കഥാകഥനം, കൈവേല, ചർച്ചകൾ എന്നിങ്ങിനെ വിവിധ പഠന മാർഗ്ഗങ്ങളും അവലംബിച്ചിരുന്നു.
ആചാര്യൻ, ഉപാദ്ധ്യായൻ, ഗുരു, യൗജനസതിക, ശിക്ഷക ഇങ്ങിനെ ചുമതലകൾ അനുസരിച്ച്, ഗുരുക്കന്മാർ പല തലത്തിലായിരുന്നു. ഗുരുകുലം, പരിഷത്, സംഘം, ഗോഷ്ഠി, ആശ്രമം, വിദ്യാപീഠം, അഗ്രഹാര, മഠം, ബ്രഹ്മപുരി, വിഹാരം എന്നിങ്ങിനെയായിരുന്നു, പഠനസ്ഥലങ്ങൾ. അന്നത്തെ പ്രസിദ്ധങ്ങളായ സ്ഥാപനങ്ങൾ തക്ഷശില, നളന്ദ, വല്ലഭി, വിക്രമശില, ഉജ്ജയിനി, ബനാറസ്, സലോത്ഗി, എണ്ണായിരം എന്നിവയായിരുന്നു. അമിർ ഖുസരു (ക്രി.പി. 1252-1325) ഇങ്ങിനെ പറയുന്നു. ‘ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭാരതത്തിലേക്ക് പഠനത്തിനായി അനേകർ വന്നിരുന്നെങ്കിലും, പുറത്തുപോയി പഠിക്കേണ്ട അവസ്ഥ ഭാരതീയർക്കുണ്ടായിരുന്നില്ല’. അൽ മൻസുർ, ഹാരുൺ അൽ റഷിദ് (ക്രി.പി. 754-809) എന്നീ ഖലീഫമാർ, ഭാരതീയ പണ്ഡിതന്മാരെ ഉദ്യോഗത്തിന് തിരഞ്ഞെടുത്തു കൊണ്ടുപോകാൻ എംബസികളെ നിയോഗിച്ചിരുന്നു. ബ്രഹ്മഗുപ്തന്റെ ബ്രഹ്മസിദ്ധാന്തം, ചരകൻ, ശുശ്രുതൻ, വാഗ്ഭടൻ, മുതല്പേരുടെ വൈദ്യ ഗ്രന്ഥങ്ങൾ എന്നിവ അറബിയിലേക്ക് തർജ്ജമ ചെയ്തിരുന്നു.
1197ൽ നളന്ദ തീയിട്ടെരിച്ച് മുസ്ലീം അധിനിവേശകരാണ് ഭാരതത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥ തകർത്തത്. തുടർന്ന് ബ്രിട്ടീഷുകാരുടെ ആസൂത്രിതമായ പരിപാടികളിലൂടെ, ഭാരതീയ വിദ്യാഭ്യാസ അന്പ്രദായം അപ്പാടെ തകർത്തു തരിപ്പണമാക്കി. ഇതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് മെക്കാളെ എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷുകാരനാണ്. ഇയാളുടെ പ്രസിദ്ധമായൊരു പ്രബന്ധമാണ് ‘മിനുറ്റ് ഒഫ് മെക്കാളെ’ എന്നറിയപ്പെടുന്നത്. അതിലെ ഒരുഭാഗത്തിങ്ങിനെ പറയുന്നു. “നമുക്കിപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യം നമുക്കും ഇവിടത്തെ നാട്ടുകാർക്കും നടുവിൽ തർജ്ജമക്കാരായി ഒരു വിഭാഗത്തിനെ സൃഷ്ടിക്കുക എന്നതാണ്. നിറത്തിലും രക്തത്തിലും ഇന്ത്യക്കാരും എന്നാൽ താല്പര്യങ്ങൾ, അഭിപ്രായങ്ങൾ, സദാചാരം, ബുദ്ധി ഇവയിൽ ഇംഗ്ലീഷുകാരുമായ ഒരു വിഭാഗം. ഈ രാജ്യത്തെ ഭാഷ, ഇംഗ്ലീഷ് ശാസ്ത്രീയ പദങ്ങൾ കൂട്ടിച്ചേർത്ത് പരിഷ്കരിക്കുന്ന കാര്യം അവർക്കു വിടണം.” മറ്റൊന്ന്: “...ഇന്ത്യയിലേയും അറേബ്യയിലേയും സകല സാഹിത്യങ്ങളും കൂട്ടിച്ചേർത്താലും ഒരു ബുക് ഷെൽഫിൽ അടുക്കി വച്ച ഇംഗ്ലീഷ് സാഹിത്യത്തിനു കിട നിൽക്കില്ല…”. ആരംഭത്തിൽ പറഞ്ഞതുപോലെ, നമ്മുടെ സംസ്കാരം പാശ്ചാത്യ സംസ്കാരത്തെക്കാൾ വളരെ താഴെയാണെന്ന് വരുത്തിത്തീർക്കാൻ കച്ചകെട്ടിയിറങ്ങിയ ചിലർ ഇതും കളവാണെന്ന് ഫേസ് ബുക്, ഗൂഗ്ൾ മുതലായവ വഴി ഇന്നും പ്രചരിപ്പിക്കുന്നുണ്ട്. ഈ ലേഖകൻ കൊളംബിയ സർവ്വകലാശാല, മിസ്സൗറി സതേൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ രേഖകൾ ഗൂഗ്ൾ വഴി പരിശോധിച്ച് ഇത് ശരിവച്ചിട്ടുണ്ട്, ഇവരുടെ പ്രചരണം തെറ്റാണെന്നും ഈ രേഖ ശരിയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.
അങ്ങിനെ അവർ ഇവിടത്തെ പ്രധാന കലാശാലകളെല്ലാം തകർക്കുകയും, ഗുരുക്കന്മാരെ വധിക്കുകയും, ബാക്കിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ധനസഹായം വേണമെങ്കിൽ പ്രധാനമായി ഇംഗ്ലീഷ് പഠിപ്പിക്കണം എന്ന നിയമം നടപ്പിലാക്കുകയും ചെയ്തു. 
ആകപ്പാടെയുള്ള പരിണതഫലം ഏറ്റവും പരിതാപകരമായി. സംസ്കൃതം, ധർമ്മശാസ്ത്രാദികൾ, വേദപുരാണങ്ങൾ, തനത് ഗണിതം, ജ്യോതിശ്ശാസ്ത്രം, സ്ഥാപത്യം (സിവിൽ എജിനീയറിംഗ്), ആയുർവേദം എന്നിവക്കു പകരം, പൊള്ളയായ ഇംഗ്ലീഷ് ഭാഷ, ആജീവനാന്തം നിഷ്പ്രയോജനമായ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി, അലോപ്പതി എന്നിവയായി നമ്മുടെ വിഷയങ്ങൾ. ഓരോ വിദ്യാർത്ഥിയുടെയും കഴിവും, ആവശ്യവും അനുസരിച്ച്, സമയബന്ധിതമല്ലാതെ പഠനം കഴിയുന്നതുവരെ  സൗജന്യമായി ഗുരുക്കന്മാർ കൊടുത്തിരുന്ന വിദ്യാഭ്യാസസന്പ്രദായത്തിനു പകരം അഞ്ചു വയസ്സു മുതൽ പതിനഞ്ചു വയസ്സുവരെ ഓരോരുത്തരുടെയും കഴിവും ആവശ്യവും പരിഗണിക്കാതെ സമയബന്ധിതമായി പഠിപ്പിക്കൽ തൊഴിലാളികൾ (അദ്ധ്യാപകരല്ല) കൊടുക്കുന്ന അസംബന്ധമായിത്തീർന്നു, ‘വിദ്യാഭ്യാസം’. പതിനഞ്ചു വയസ്സുകഴിഞ്ഞുള്ള അസംബന്ധത്തിനാകട്ടെ ലക്ഷക്കണക്കിനു പണവും ചിലവിടണം.

ഒരു തൊഴിൽ സമ്പാദിക്കാൻ ഒരാൾക്ക് ഇന്ന് 3 വയസ്സു മുതൽ 18 വയസ്സു വരെ പഠിക്കുന്നതിൽ, ഒരു 10 ശതമാനത്തിന്റെ മാത്രമേ ആവശ്യമുള്ളൂ. ബാക്കി സ്കിൽ ഡവലപ്മെന്റിന്റെ ഭാഗമായി അതത് വ്യവസായ മേഖലയോ, സർക്കാർ സംവിധാനങ്ങളോ ആണിന്ന് നിർവഹിക്കുന്നത്. അപ്പോൾ തലമുറകളെ തുടർച്ചയുടെ യൗവ്വനം അസംഭന്ധത്തിൽ നശിപ്പിക്കുന്നതിനു പകരം ഭാരതീയ സംസ്കാരത്തിലേക്കും വിദ്യാഭ്യാസ രീതിയിലേക്കും തിരിച്ചു പോകാൻ ഇനിയും വൈകിക്കൂടാ.

0-----------0-----------0

1 comment:

  1. Great ! So detailed ..Thank you for such a great article.

    ReplyDelete