Tuesday, December 6, 2016

തർജ്ജമാ ഗർത്തം

ഭാഷയും സംസ്കാരവും

ലോകത്തിലെ മിക്ക ഭാഷകളിലും തത്വചിന്താപരവും മതപരവുമായ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഭാഷകളിലും ആദ്യകാല ഗ്രന്ഥങ്ങൾ ഈ വിഭാഗത്തിൽ തന്നെ പെടും. വിശേഷിച്ച്, സംസ്കൃതം, ലാറ്റിൻ, ഗ്രീക്, മുതലായ പ്രാചീന ഭാഷകളിൽ. സംസ്കൃതത്തിലെ വേദങ്ങൾ, മഹാഭാരതം, ഗ്രീക് ഭാഷയിലെ ഇലിയഡ് ഒഡിസ്സി മുതലായവ നല്ല ഉദാഹരണങ്ങൾ. എന്നാൽ, സംസ്കാരങ്ങൾ ലോകമാസകലം വ്യാപിച്ചു തുടങ്ങിയപ്പോഴാണ് ഒരു ഭാഷയിലെ ഗ്രന്ഥങ്ങൾ മറ്റുഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടാൻ തുടങ്ങിയത്. അധിനിവേശ കാലത്താണ് ഭാരതത്തിൽ വന്ന മാക്സ് മുള്ളർ, മോണിയർ വില്ല്യംസ്, സർ ജോൺ വുഡ്രോഫ്, ഹെർമൻ ഗുണ്ടർട്, അങ്ങിനെ പലരും സംസ്കൃതത്തിലും മലയാളം പോലുള്ള പ്രാദേശിക ഭാഷകളിലും മറ്റും നിഘണ്ടുക്കളും പ്രൗഢഗ്രന്ഥതർജ്ജമകളും നടത്തിയത്. മാക്സ് മുള്ളർ വേദങ്ങൾ തർജ്ജമ ചെയ്തു. മോണിയർ വില്ല്യംസ് ഗംഭീരമായ ഒരു സംസ്കൃത നിഘണ്ടു നിർമ്മിച്ചു. ഗുണ്ടർട് മലയാളം നിഘണ്ടു രചിച്ചു. വുഡ്രോഫ് പ്രാചീന താന്ത്രിക ഗ്രന്ഥങ്ങൾ തപ്പിയെടുത്ത് വ്യാഖ്യാനം രചിച്ചു!

ഭാഷാന്തരം ചെയ്യപ്പെട്ട സാഹിത്യ, തത്വശാസ്ത്രഗ്രന്ഥങ്ങൾ എന്നല്ല നിഘണ്ടുക്കൾ, പോലും നാം വായിക്കുന്പോൾ, തർജ്ജമക്കാരന് എന്തു മനസ്സിലായി എന്നാണ് നമുക്കു മനസ്സിലാവുന്നത്; മൂലഗ്രന്ഥരചയിതാവ് എന്തുദ്ദേശിച്ചു എന്നല്ല! ഇതിനു കാരണം, ഒരു ഭാഷയിൽ ഉള്ള വളരെ വാക്കുകൾക്ക് അന്യഭാഷകളിൽ തുല്യമായ പദങ്ങൾ ഇല്ലാത്തതാണ്. അതിനു കാരണം ഓരോ ഭാഷകളും വികസിച്ച സാംസ്കാരിക സാഹചര്യമാണ്. ഗ്രീക്കും സംസ്കൃതവും കുറേയെല്ലാം സമാന സാഹചര്യങ്ങളിൽ വികസിച്ച ഭാഷകളായതുകൊണ്ട്, അവയിൽ തുല്യമായ വാക്കുകൾ പലതും കാണാം. എന്നാൽ, ഗ്രീക്കിനും സംസ്കൃതത്തിനും തുല്യമായ പാരന്പര്യം അവകാശപ്പെടുന്ന ലാറ്റിനിൽ പ്രൗഢഗ്രന്ഥങ്ങൾ പ്രത്യക്ഷപ്പെടുന്നത്, ഉദ്ദേശം ക്രി.മു. 400 ലാണ്. ഭാരതീയർക്കാർക്കും വേദങ്ങളുടെ പഴക്കത്തിനെ പറ്റി ഒരറിവുമില്ല. വരത്തന്മാർ (ഈ പദം ഞാനുപയോഗിക്കുന്നത്, നമ്മുടെ ലക്ഷക്കണക്കിനു പഴക്കമുള്ള സംസ്കാരത്തെ കത്തിച്ചു ചാന്പലാക്കി, സ്വാഭിമാനമില്ലാത്തവരും, പരവിസർജ്ജ്യ ഭോജികളുമാക്കിമാറ്റിയ പടിഞ്ഞാറൻ അസംസ്കൃതജീവികളോടുള്ള വെറുപ്പുകാണിക്കാൻ തന്നെയാണ്) പഠിപ്പിച്ചു തന്ന അറിവുമാത്രമേ കുനിഞ്ഞതലകളോടു കൂടിനടക്കുന്ന, രക്തത്തിലും മജ്ജയിലും വരെ, സാംസ്കാരിക അടിമത്തം നിറഞ്ഞുനിൽക്കുന്ന ഭാരതീയർക്ക്, വിശേഷിച്ച്, കേരളീയർക്കുള്ളൂ.

വിക്കി പീഡിയ എന്ന ഇന്നത്തെ സർവജ്ഞൻ പറയുന്നതനുസരിച്ച് ക്രി.മു. 400 ലാണത്രെ (ഇന്നേക്ക് 2420 വർഷങ്ങൾക്കു മുൻപ്) അഷ്ടാദ്ധ്യായി എന്ന വ്യാകരണ ഗ്രന്ഥം പാണിനി മഹർഷി എഴുതിയത്. ഇന്നത്തെ പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്ന കാര്യമാണ് (കഴിഞ്ഞ 32 വർഷമായി കന്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ എന്ന നിലക്ക് ഞാനും)  കന്പ്യൂട്ടറുകൾക്ക് ഏറ്റവും യോജിച്ച ഭാഷയും അത് പ്രോഗ്രാം ചെയ്യാൻ ഏറ്റവും ശക്തമായ ഗ്രന്ഥവുമാണ് പാണിനീയം എന്ന്. ഈ ഗ്രന്ഥം 2420 വർഷങ്ങൾക്ക് മുന്പെഴുതപ്പെട്ടതാണെന്ന് സ്ഥാപിക്കാൻ വരത്തന്റെ “സയന്റിഫിക് അനാലിസിസ്” (ശാസ്ത്രീയാപഗ്രഥനമല്ലെന്നറിയുക) ആണ് ഉപകരണം.  ഈ ഗ്രന്ഥം മുഴുവൻ സംസ്കൃതത്തിൽ ‘സൂത്രം’ എന്നറിയപ്പെടുന്ന വരികളാൽ എഴുതപ്പെട്ടതാണ്. ആംഗലത്തിലെ ഫോർമുല എന്ന രീതിയോടിതിനെ ഒരുവിധം താരതമ്യപ്പെടുത്താം. ‘ഏറ്റവും കുറഞ്ഞ അക്ഷരങ്ങളിൽ, എന്നാൽ അല്പം പോലും സന്ദിഗ്ധതയില്ലാതെ എഴുതപ്പെടുന്നവയാണ് സൂത്രങ്ങൾ’ (അല്പാക്ഷരമസന്ദിഗ്ധം സാരവദ്വിശ്വതോമുഖം അസ്തോഭമനവദ്യഞ്ച സൂത്രം സൂത്രവിദോ വിദു: - മുഗ്ധബോധ ടീക; ശബ്ദകല്പദ്രുമം). ഇതിന്റെ ശക്തി വ്യക്തമാക്കാൻ ഒരു സൂത്രം ഞാനിവിടെ ഉദ്ധരിക്കാം. “രഷഭ്യാം നോ/ണ: സമാനപദേ” (അഷ്ടാദ്ധ്യായി 8\.4\.1). എന്റെ വായനക്കാരുടെ സംസ്കൃത പാണ്ഡിത്യത്തെ ഞാൻ കുറച്ചുകാണുന്നില്ലെങ്കിലും, സംസ്കൃത ബീജോത്ഭവയായ മലയാളം അച്ഛന്റെ പല സ്വഭാവങ്ങളും പിന്തുടരുന്നതുകൊണ്ട് മലയാളത്തിൽ ഉദാഹരണം കാണിക്കാം. ‘കൃ’ എന്ന ധാതുവിനോട് ‘ന’ എന്ന പ്രത്യയം ചേർന്നാണ് ‘കൃഷ്ണ:’ (മലയാളത്തിൽ കൃഷ്ണൻ) ഉണ്ടാവുന്നത്. അത് ‘കൃഷ്നൻ’ എന്നതിനു പകരം ‘കൃഷ്ണൻ’ എന്നായിത്തീരുന്ന നിയമമാണ് പാണിനി ഈ ‘സൂത്രത്തിൽ’ പറഞ്ഞു വച്ചത്. അതുപോലെ തന്നെ ‘വൃ’ എന്ന ധാതുവിനോട് ‘ന’ പ്രത്യയം ചേരുന്പോഴാണ് ‘വർനം’ എന്ന പദമുണ്ടാവുന്നത്. എന്നാൽ ഋ എന്ന ശബ്ദം മുൻപു വന്നതുകൊണ്ട് ഈ വർനം ‘വർണം’ എന്നു പരിണമിക്കുന്നു.

ഇത്രയും പക്വമായൊരു വ്യാകരണഗ്രന്ഥം 2420 വർഷങ്ങൾക്ക് മുന്പുണ്ടാകണമെങ്കിൽ അതിനെത്രയോ ആയിരം വർഷങ്ങൾക്ക് മുൻപ് അവൾ  ആ പക്വതയിലെത്തിയിരിക്കണം. എങ്കിൽ അതിനുമെത്രയോ വർഷങ്ങൾക്കു മുൻപ് ആ പക്വതയിലേക്കുള്ള യാത്ര തുടങ്ങിയിരിക്കണം.! ഇതു തന്നെ വരത്തന്റെ 2420 വർഷം ശരിയാണെന്ന് ധരിച്ചു വശായ നമ്മുടെ അന്പരപ്പ്. ശരിക്കും ഈ ഭാഷ ഒരു ലക്ഷം വർഷം പഴക്കമുള്ളതാണെങ്കിലോ. ഇത്രയും മൂപ്പുള്ള മറ്റൊരു ഭാഷ ലോകത്തില്ല. 


വരത്തനും ഫൈലോളജിയും

ഫൈലോളജി എന്ന ശാസ്ത്രം ഒരു വരത്തശാസ്ത്രമാണ്. അതിന്റെ നിർവ്വചനം (ഡഫനിഷൻ) “ഭാഷയുടെ ഘടനയെയും, ചരിത്രപരമായ വികാസപരിണാമങ്ങളെയും, മറ്റു ഭാഷകളുമായി അതിന്റെ ബന്ധങ്ങളെയും പ്രതിപാദിക്കുന്ന ജ്ഞാനശാഖ” എന്നാണ്  (the branch of knowledge that deals with the structure, historical development, and relationships of a language or languages.) സഞ്ജയ് സുബ്രഹ്മണ്യം എന്നൊരു കർണ്ണാടക സംഗീതവിദ്വാനുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഒരാരാധകനുമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾക്ക് വേണ്ടി അന്തർജ്ജാലത്തിൽ (ഇന്രർനെറ്റ്) തിരഞ്ഞു നടക്കുന്പോൾ അതേ പേരുള്ള ഒരു ചരിത്രാദ്ധ്യാപകനെ കണ്ടുകിട്ടി. അദ്ദേഹത്തിന്റെ പ്രധാന സിദ്ധാന്തമെന്താണെന്നാൽ, വ്യത്യസ്ത ജനപദ ചരിത്രങ്ങൾ പഠിക്കുന്പോൾ അതതു ഭാഷയിൽ അതെങ്ങിനെ വിവരിച്ചിരിക്കുന്നു, അവക്ക് മറ്റു ഭാഷകളിൽ എന്തു വിവരണം കൊടുക്കുമായിരുന്നു എന്നു കൂടി ചിന്തിക്കണം, എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇതു വലിയൊരു കാര്യമാണ്. ഈ ലേഖനത്തിൽ വളരെ വിശദമായി അതിനെപ്പറ്റി ചർച്ച ചെയ്യാവുന്നതല്ലെങ്കിലും ചരിത്രം ഔപചാരികമായി പഠിക്കാത്ത, ധനതത്വശാസ്ത്രത്തിൽ ഉപരിബിരുദം നേടിയ ഒരു യുവാവിനെ, അമേരിക്കയിലെ ഒരു സർവ്വകലാശാല ചരിത്രവിഭാഗ തലവനായി നിയമിക്കാൻ സ്വന്തം നിയമങ്ങൾ തിരുത്തിയെഴുതിയത് എങ്ങിനെയെന്ന് എന്റെ വായനക്കാർ അന്വേഷിക്കുന്നത് രസകരമായിരിക്കും.

തർജ്ജമ ചെയ്യുന്പോൾ വരുന്ന ‘ഫൈലോളജിക്കൽ’ അബദ്ധങ്ങളിലേക്ക് നമുക്കു കടക്കാം.

പദാർത്ഥവും ഒബ്ജക്ടും

‘ഒബ്ജക്ട്’ എന്ന ആംഗലപദത്തിന്റെ ‘എറ്റിമോളജി’ (പദോല്പത്തി അന്വേഷണം) നിങ്ങൾ മേല്പറഞ്ഞ ‘സർവ്വജ്ഞനോടു’ ചോദിച്ചാൽ കിട്ടുന്ന എല്ലാ കണ്ണികളും ‘ഒബ്’ (മാർഗ്ഗമദ്ധ്യത്തിൽ) എന്നും ‘ജകരെ’ (എറിയുക) എന്നുമുള്ള രണ്ടു പദങ്ങളുടെ ചേർച്ചകൊണ്ട് ‘മനസ്സിനു മുൻപിൽ പ്രതിഷ്ഠിച്ച ‘തിങ്’ (ഈ തിങ്ങിനെ ഞാൻ ഇവിടെ തർജ്ജമ ചെയ്താൽ കൂടുതൽ കുഴപ്പമാവും. എന്നാലും ഇന്നത്തെ മിക്ക മലയാളികൾക്കും മലയാളത്തെക്കാൾ കൂടുതൽ ആംഗലം അറിയാവുന്നതുകൊണ്ട് ഞാനതിനൊരുന്പെടുന്നില്ല. മുൻപിൽ കാണുന്ന തൊട്ടും കണ്ടും അറിയാവുന്ന ഒരു വസ്തു എന്നാണ് ഇതിന്റെ വ്യുല്പത്തി. ‘ഫയർ’ എന്ന ആംഗലപദം, മുൻപിൽ കാണുന്ന, അടുത്തു ചെന്നാൽ ചുടുന്നതും, തൊട്ടാൽ പൊള്ളുന്നതുമായ സാധനത്തിന് അവർ കൊടുത്ത പേരാണ്. എന്നാൽ പദാർത്ഥം എന്നത് വളരെ ഗഹനമായൊരു തത്വം കൂടി നിഷ്കർഷിക്കുന്ന പദമാണ്. പദം എന്നാൽ വാക്ക്. അർത്ഥം ആ പദം നമ്മിൽ ജനിപ്പിക്കുന്ന ഭാവന. അപ്പോൾ പദാർത്ഥം എന്നാൽ വാക്ക് നമ്മിൽ ജനിപ്പിക്കുന്ന ഭാവന എന്നർത്ഥം. അതായത്, ‘അഗ്നി’ എന്ന പദത്തിന്റെ അർത്ഥമാണ് മുൻ പറഞ്ഞ പൊള്ളുന്ന വസ്തു. അല്ലാതെ ആ വസ്തുവിന്റെ പേരല്ല അഗ്നി എന്ന വാക്ക്. അത് നമ്മിൽ ജനിപ്പിക്കുന്ന ഭാവന മാത്രമാണ്. വാസ്തവത്തിൽ ചൂടുമില്ല പൊള്ളലുമില്ല. എല്ലാം മിത്ഥ്യ!

അഹവും ‘ഐ’ യും

എറ്റിമോളജിയിൽ എവിടെ പോയി തിരഞ്ഞാലും നമുക്ക് എന്തുകൊണ്ടാണ് ഐ എന്ന വാക്ക് അവനവനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നത് എന്ന് വ്യക്തമായൊരു വിവരണം കിട്ടില്ല. കിട്ടിയാലും എങ്ങിനെയാണ് ഐ എന്ന പദംകൊണ്ട് സ്വയം സൂചിപ്പിക്കാൻ കഴിയുന്നത് എന്നു മനസ്സിലാവില്ല. എന്നാൽ, തുല്യമാണെന്ന് തർജ്ജമക്കാർ തെറ്റിദ്ധരിച്ച ‘അഹം’ എന്ന വാക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ‘അ’ യും അവസാനത്തെ അക്ഷരമായ ‘ഹ’ യും ചേർത്ത് ചുണ്ടു ചേർത്ത് വായുടെ അറ്റത്ത് ഉച്ചരിക്കാവുന്ന ‘ഉം’ എന്ന അനുസ്വാരവും ചേർന്നുണ്ടായതാണ്. ഓങ്കാരത്തിന്റെ വ്യാഖ്യാനം പോലെ തന്നെ അ മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ കൊണ്ട് വിവരിക്കാവുന്ന എല്ലാ ‘പദങ്ങളും’ ഞാനാണ്. പ്രപഞ്ചത്തിലെ ഏതൊരു ദ്രവ്യം (ഇതാണ് ഒബ്ജക്ടിന്റെ ശരിയായ തർജ്ജമ) വിവരിച്ചാലും അ മുതൽ ഹ വരെയുള്ള അക്ഷരങ്ങളല്ലാതെ ഉപയോഗിക്കാൻ കഴിയില്ല. ഞാൻ തന്നെ ഈ പരപഞ്ചം. അതൊരു ഭാവനയുമാണ്, അതും മിഥ്യാപ്രപഞ്ചമാണ്!

അവതാരവും ഇൻകാർണേഷനും

എറ്റിമോളജിക്കൽ വിശകലനം നടത്തിയാൽ, ഇൻ കാർണേഷൻ എന്ന ആംഗലപദം ‘മേഡ് ഫ്ലഷ്’ മാംസത്തിൽ സൃഷ്ടിച്ചു എന്ന പതിന്നാലാം നൂറ്റാണ്ടിലെ ലാറ്റിൻ വേരിൽ നിന്നും ഉദ്ഭവിച്ചതാണ്. ‘കാർണ’ എന്ന പദത്തിന് മാംസവുമായുള്ള ബന്ധം എന്റെ പണ്ഡിതന്മാരായ വായനക്കാർക്ക് ‘മാംസാഹാരി’ എന്നർത്ഥം വരുന്ന 'കാർണിവോറസ്’ എന്ന ആംഗലപദത്തിൽ നിന്നൂഹിക്കാം. എന്നാൽ അവതാരം എന്നതിന് ‘താഴേക്കു വരുക’ എന്നാണ് സംസ്കൃതത്തിൽ അർത്ഥം. ഉദ്ധരിക്കുക എന്നാൽ മുകളിലേക്ക് പോവുക എന്നതുപോലെ തന്നെ. താഴേക്കു വരുന്നത്, സ്ഥലമാനങ്ങളിലാവാം. അതായത്, പത്താമത്തെ നിലയിൽ നിന്ന് ഒന്നാമത്തെ നിലയിലേക്ക് വരുന്നതു പോലെ. കഴിവുകൾ കുറയുന്നതുമാവാം. അതായത്, സർവ്വജ്ഞത, നിത്യതൃപ്ത്യത, മുതലായ അനന്തമായ ഭഗവത് ശക്തികളെ ഒതുക്കി, അജ്ഞത, അതൃപ്തി മുതലായ പരിമിതികളിലേക്കുള്ള അധോഗമനവുമാവാം. അവതാരം കൊണ്ട് രണ്ടാമത്തേതാണുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതിന് മാംസവുമായി പുലബന്ധം പോലുമില്ല. ഭഗവാൻ മാംസശരീരിയല്ലല്ലോ. മാംസശരീരമില്ലാത്ത മഹാവിഷ്ണു മാംസശരീരമുള്ള കൃഷ്ണനാകുന്പോൾ അത് നമുക്ക് അവതാരമാണ്. എന്നാൽ മാംസശരീരമില്ലാത്ത ഭഗവാൻ ഗന്ധർവ്വനോ കിന്നരനോ അല്ലെങ്കിൽ ‘മുകളിൽ നിന്ന് താഴേക്കുള്ള’ പതിന്നാലു ലോകത്തിലുമുള്ള ഏതെങ്കിലും രൂപം ധരിച്ചാൽ അത് നമുക്ക് അവതാരമാണ്. പക്ഷേ വരത്തന് അത് ഇൻ കാർണേഷനാവില്ല!

തർജ്ജമാഗർത്തം

ഇങ്ങിനെ എത്രപദങ്ങളെങ്കിലും നമുക്കു നിരത്താം. മൂന്നു പേജിൽ കൂടുതൽ, പത്രാധിപരിൽ നിന്നും വാങ്ങാൻ ബുദ്ധിമുട്ടായതുകൊണ്ട് ചുരുക്കുന്നു.

അതാണ് സത്യമെന്നിരിക്കെ, വേദങ്ങളുടെയും (ഋക്, യജു, സാമം, അഥർവം), ഉപവേദങ്ങളുടെയും (ധനുർവേദം, ഗന്ധർവ വേദം, ആയുർവേദം, അർത്ഥശാസ്ത്രം),  പുരാണങ്ങളുടെയും (അഗ്നി, ഭാഗവത, ബ്രഹ്മ, ബ്രഹ്മാണ്ഡ, ബ്രഹ്മവൈവർത്ത, ഗരുഡ, കൂർമ്മ, ലിംഗ, മാർക്കണ്ഡേയ, മത്സ്യ, നാരദ, പത്മ, ശിവ, സ്കന്ദ, വാമന, വരാഹ, വായു, വിഷ്ണു എന്ന് 18 എണ്ണം), ആഗമങ്ങളുടെയും, ആമ്നായങ്ങളുടെയും (പൂർവ, ദക്ഷിണ, പശ്ചിമ, ഉത്തര, ഊർദ്ധ്വ, അനുത്തര എന്ന് ആറെണ്ണം), ഷഡ് ദർശനങ്ങളുടെയും (ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ/വേദാന്തം), ഉപപുരാണങ്ങളുടെയും (18 എണ്ണം), വേദാംഗങ്ങളുടെയും (ശിക്ഷ, വ്യാകരണം, നിരുക്തം, ഛന്ദസ്, കല്പം, ജ്യോതിഷം ആറെണ്ണം), എന്നിങ്ങിനെ അസംഖ്യം ഭാരതീയ ചിന്താ സരണികളെ, സന്ധിനിയമങ്ങളോ, സമാസ നിയമങ്ങളോ, തദ്ധിതം, ഭാവേ മുതലായ സങ്കീർണ്ണങ്ങളായ വ്യാകരണ വിശേഷങ്ങളൊന്നുമില്ലാത്ത, പദാർത്ഥനിയമങ്ങളില്ലാത്ത, ഭാഷാലോകത്ത താരതമ്യേന കളിക്കുട്ടിയായ ആംഗലത്തിൽ വരത്തൻ എഴുതിയ തർജ്ജമകൾ മാത്രം വായിച്ച്, സർവ്വാബദ്ധമായി തെറ്റിദ്ധരിക്കുന്ന ഭാരതീയൻ എത്ര നികൃഷ്ടനാണ്!

അതാണ് ഞാൻ മുൻപേ ചരിത്ര ചിന്തകനായ സഞ്ജയ് സുബ്രഹ്മണ്യനെ പറ്റി പറഞ്ഞത്. അദ്ദേഹത്തിന് ഇരുപതിലേറെ ഭാഷകൾ ഭാരതീയമായും അന്താരാഷ്ട്രമായും അറിയാം. ഒരു ഭാഷയിൽ എഴുതിയ ചരിത്രം മറ്റൊരു ഭാഷയിൽ എഴുതിയത് വായിച്ച് മനസ്സിലാക്കാൻ കഴിവുള്ള ഫൈലോളജിസ്റ്റ് (അന്തർഭാഷാ പണ്ഡിതൻ) ആയതുകൊണ്ട്, ലോകചരിത്രം അദ്ദേഹത്തിന് ശരിക്കും മനസ്സിലാവും. പക്ഷേ അച്ഛൻ ഫാദറും അമ്മ മദറും പാട്ട് സോങ്ങും ആയി മാറിയ കേരളീയ കഴുതകൾക്ക് ഇതൊന്നും മനസ്സിലാവുകയുമില്ല, നന്നാവുകയുമില്ല!


അങ്ങിനെ തർജ്ജമകൾ സൃഷ്ടിക്കുന്ന അഗാധ അജ്ഞാനാന്ധകാരത്തിൽ പതിച്ച്, സ്വത്വം നഷ്ടപ്പെട്ട് നശിക്കാനായിരിക്കും ഗതി.

No comments:

Post a Comment